പാറ്റി ജെന്‍കിന്‍സാൺ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍ 1984‘ ഈ മാസം ഇന്ത്യയിൽ റിലീസ് ചെയ്യും. ഡിസംബർ 24ന് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന് വാർണർ ബ്രോസ് അറിയിച്ചു. ക്രിസ്മസിന് ചിത്രം അമേരിക്കന്‍ തീയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം മൂലം വൈകുകയായിരുന്നു. 

ഡിസിയുടെ സൂപ്പര്‍ വുമണ്‍ കഥാപാത്രം വണ്ടര്‍ വുമണിന് ജീവനേകുന്നത് ഗാൽ ഗാഡോട്ട് ആണ്. ചിത്രത്തിന്റെ ട്രെയിലറുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. 2017ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ചിത്രം വന്‍ ബോക്സോഫിസ് ഹിറ്റായിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് പുതിയ ചിത്രം.

1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണ് ഒന്നാം ഭാഗം എങ്കില്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്. ഗാൽ ഗാഡോട്ടിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന്‍ റൈറ്റ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. പെട്രോ പാസ്ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്. പാറ്റി ജെന്‍കിന്‍സാണ് ചിത്രം സംവിധാനം ചെയ്യുന്നത്.