ചെന്നൈ: നടന്‍ വിജയ്‌യുടെ വീട്ടിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ അരുണ്‍ എന്ന മണികണ്ഠനാണ് അറസ്റ്റിലായത്. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ബിഗിലിന് ഫാന്‍സ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലായിരുന്നു യുവാവെന്നും ഇതാണ് ഭീഷണി മുഴക്കാൻ കാരണമായതെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് വിജയ്‌യുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയുമായി പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ കോൾ വന്നത്. ഇതിന് പിന്നാലെ ചെന്നൈ സാലിഗ്രാമത്തുള്ള നടന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. താരത്തിന്റെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഏതു നിമിഷവും അത് പൊട്ടിത്തെറിക്കുമെന്നുമാണ് ഇയാള്‍ ഫോണിലൂടെ പറഞ്ഞത്.

ഉടൻ തന്നെ വിജയ്‌യുടെ വീട്ടിൽ പൊലീസ് വിവരം അറിയിക്കുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ ബോംബില്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. അച്ഛന്‍ എസ്എ ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമാണ് സാലിഗ്രാമത്തിലെ വീട്ടില്‍ താമസിക്കുന്നത്. വിജയ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പനൈയൂരിലാണ് താമസം. ഇവിടെയും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.