Asianet News MalayalamAsianet News Malayalam

ഒടിടി റിലീസിലും കളക്ഷന്‍ റെക്കോര്‍ഡ് ഇടുമോ സല്‍മാന്‍ ഖാന്‍? 'രാധെ' റിലീസില്‍ സീ 5 സെര്‍വറുകള്‍ ക്രാഷ് ആയി

ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഒടിടി പ്ലാറ്റ്ഫോം ആയ സീ5ന്‍റെ പേ പെര്‍ വ്യൂ മാതൃകയായ സീ പ്ലെക്സില്‍ ചിത്രം എത്തിയത്. എന്നാല്‍ ഒന്നര വര്‍ഷത്തിനു ശേഷമെത്തുന്ന സല്‍മാന്‍ ചിത്രം കാണാന്‍ ആരാധകര്‍ ഇടിച്ചുകയറിയതോടെ സീ 5ന്‍റെ സെര്‍വറുകള്‍ ക്രാഷ് ആയി

zee 5 servers crashes on radhe release starring salman khan
Author
Thiruvananthapuram, First Published May 13, 2021, 6:53 PM IST

ഒരു ഇന്‍ഡസ്ട്രി എന്ന നിലയില്‍ ബോളിവുഡ് വിശ്വസിച്ച് പണമിറക്കുന്ന താരങ്ങളില്‍ പ്രമുഖനാണ് സല്‍മാന്‍ ഖാന്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഒരു സല്‍മാന്‍ ഖാന്‍ ചിത്രം പോലും തിയറ്ററുകളില്‍ എത്തിയിരുന്നില്ല. കൊവിഡ് തന്നെ കാരണം. കഴിഞ്ഞ ഈദ് റിലീസ് ആയി തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന 'രാധെ' ഈ വര്‍ഷത്തെ ഈദ് റിലീസ് ആയി ഇന്നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. തിയറ്ററുകളിലും ഒടിടിയിലും ഒരേദിവസം എത്തുന്ന ഹൈബ്രിഡ് രീതിയിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഒരു സല്‍മാന്‍ ഖാന്‍ ചിത്രം ആദ്യമായാണ് ഇത്തരത്തില്‍ റിലീസ് ചെയ്യപ്പെടുന്നത്. സല്‍മാന്‍ ഖാന്‍ എന്ന താരത്തിന്‍റെ ജനപ്രീതി എത്രത്തോളം എന്നതിന് മറ്റൊരു ഉദാഹരണമായിരുന്നു ഒടിടി റിലീസില്‍ ലഭിച്ച പ്രതികരണം.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഒടിടി പ്ലാറ്റ്ഫോം ആയ സീ5ന്‍റെ പേ പെര്‍ വ്യൂ മാതൃകയായ സീ പ്ലെക്സില്‍ ചിത്രം എത്തിയത്. എന്നാല്‍ ഒന്നര വര്‍ഷത്തിനു ശേഷമെത്തുന്ന സല്‍മാന്‍ ചിത്രം കാണാന്‍ ആരാധകര്‍ ഇടിച്ചുകയറിയതോടെ സീ 5ന്‍റെ സെര്‍വറുകള്‍ ക്രാഷ് ആയി. 12 മണിക്ക് ചിത്രം കാണാനായി സീ 5ല്‍ ലോഗിന്‍ ചെയ്‍തവരുടെ എണ്ണം സംബന്ധിച്ച് ട്വിറ്ററില്‍ ചില അനൗദ്യോഗിക കണക്കുകള്‍ പ്രചരിക്കുന്നുണ്ട്. 12 മണിക്ക് 13 ലക്ഷത്തിലേറെ പേര്‍ പ്ലാറ്റ്ഫോമില്‍ എത്തിയെന്നാണ് അതിലൊന്ന്. എന്നാല്‍ സെര്‍വര്‍ ക്രാഷ് ആയതോടെ ആദ്യമെത്തിയ പലര്‍ക്കും ചിത്രം കാണാനായില്ല. ഇതിന്‍റെ നിരാശ പങ്കുവച്ച് പലരും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ സഹിതം പോസ്റ്റുകള്‍ ഇട്ടിരുന്നു. എന്നാല്‍ ഏറെ വൈകാതെ സീ 5 തങ്ങളുടെ സെര്‍വര്‍ പ്രശ്നം പരിഹരിച്ചു. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ കാണികളുടെ എണ്ണം വീണ്ടും വര്‍ധിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഒരു സമയത്ത് 30 ലക്ഷത്തിലധികം ആളുകള്‍ സീ5ല്‍ ഒരേ സമയം ചിത്രം കണ്ടെന്നും ചില ട്രേഡ് അനലൈസിംഗ് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പറയുന്നു.

അതേസമയം ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. തീരെ മോശമാണെന്നും ആവര്‍ത്തന വിരസമാണെന്നുമൊക്കെയാണ് ഏറ്റവും ആദ്യത്തെ പ്രതികരണങ്ങള്‍ എത്തിയത്. ചിത്രം നിരാശപ്പെടുത്തുന്നതാണെന്നും പ്രതീക്ഷകളെ സാധൂകരിക്കുന്നില്ലെന്നും കരുത്തില്ലാത്ത തിരക്കഥയെന്നുമാണ് ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. പൂജ്യം റേറ്റിംഗ് ആണ് ഇംഗ്ലീഷ് മാധ്യമമായ ഫസ്റ്റ് പോസ്റ്റ് ചിത്രത്തിന് നല്‍കിയത്. എന്നാല്‍ അതേസമയം ചിത്രം തങ്ങളെ തൃപ്തിപ്പെടുത്തുന്നതാണെന്നാണ് സല്‍മാന്‍ ഖാന്‍ ആരാധകര്‍ പറയുന്നത്. 

പേ പെര്‍ വ്യൂ രീതിയില്‍ ഒടിടി റിലീസ് ചെയ്‍ത ചിത്രം സീ5ന് നല്‍കുന്ന ലാഭം എത്രയെന്ന് ബോളിവുഡിന്‍റെ കൗതുകമുള്ള അന്വേഷണമാണ്. സീ പ്ലെക്സില്‍ ചിത്രം കാണാനായി ടിക്കറ്റ് ഒന്നിന് 249 രൂപയാണ് സീ 5 ഈടാക്കിയിരുന്നത്. ഇനിയങ്ങോട്ട് പൈറേറ്റഡ് പ്രിന്‍റുകള്‍ പ്രചരിക്കും എന്നതിനാല്‍ റിലീസ് ദിനത്തില്‍ സീ 5ന് സമാഹരിക്കാനാവുന്ന തുക എത്രയെന്ന് അറിയാനാണ് ട്രേഡ് അനലിസ്റ്റുകളുടെ കാത്തിരിപ്പ്. 230 കോടിക്കാണ് സീ സ്റ്റുഡിയോസ് ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൊറിയന്‍ ചിത്രം 'ദി ഔട്ട്ലോസി'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്'. പ്രഭുദേവയാണ് സംവിധാനം. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. 

Follow Us:
Download App:
  • android
  • ios