കേരളം അതിജീവിച്ച 2018ലെ മഹാപ്രളയം പശ്ചാത്തലമാക്കി ജയരാജ് ഒരുക്കുന്ന ചിത്രം 'രൗദ്രം 2018'ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തെത്തി. രണ്‍ജി പണിക്കരും കെപിഎസി ലീലയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൃദ്ധദമ്പതികളുടെ വേഷത്തിലാണ് ഇരുവരും എത്തുക. ജയരാജിന്റെ കഴിഞ്ഞ ചിത്രമായ 'ഭയാനക'ത്തിലും രണ്‍ജി പണിക്കരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ജയരാജ് ചിത്രം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നവരസ പരമ്പരയിലെ ഏഴാം ചിത്രവുമാണ് ഇത്. സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രത്തിന്റെ നിര്‍മാതാവ്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു.