സമീപകാല മലയാളസിനിമയില്‍ ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ജല്ലിക്കട്ടി'ന്റെ ടീസര്‍ പുറത്തെത്തി. സിനിമയുടെ സ്വഭാവം വിളിച്ചുപറയുന്ന 1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.

ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കട്ട്. ടൊറന്റോ മേളയിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍. മേളയിലെ പ്രീമിയറിന് ശേഷം ലിജോയും മറ്റ് അണിയറപ്രവര്‍ത്തകരും പ്രേക്ഷകരുമായി സംവദിക്കുന്ന ചോദ്യോത്തരവേളയുടെ വീഡിയോ മലയാളി പ്രേക്ഷകര്‍ക്കിടയിലും തരംഗമായിരുന്നു. 

എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ് എന്നിവര്‍ക്കൊപ്പം ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു ജോസഫ്. സംഗീതം പ്രശാന്ത് പിള്ള. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. ഒക്ടോബര്‍ നാലിനാണ് തീയേറ്റര്‍ റിലീസ്.