ഭാഷാസിനിമകളുടെ അതിരുകള്‍ക്കപ്പുറത്ത് തെന്നിന്ത്യയിലാകെ ആരാധകരെ നേടിയ ചിത്രമായിരുന്നു 2017ല്‍ തെലുങ്കിലെത്തിയ 'അര്‍ജ്ജുന്‍ റെഡ്ഡി'. വിജയ് ദേവരകൊണ്ടയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രവും. രണ്ട് ഭാഷകളിലായിരുന്നു ഈ മെഗാഹിറ്റ് ചിത്രത്തിന് റീമേക്ക് കരാര്‍ ആയത്. തമിഴിലും തെലുങ്കിലും. വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രത്തെ നായകനാക്കി  തമിഴ് റീമേക്കായ 'വര്‍മ' സംവിധായകന്‍ ബാല പൂര്‍ത്തിയാക്കിയതും ഫൈനല്‍ കോപ്പിയില്‍ തൃപ്തരല്ലെന്ന് പറഞ്ഞ് നിര്‍മ്മാതാക്കളായ ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ചിത്രം റിലീസ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതുമൊക്കെ പഴയ കഥ. ധ്രുവ് വിക്രത്തെ തന്നെ നായകനാക്കി പുതിയ തമിഴ് റീമേക്ക് ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ഇപ്പോഴിതാ ഹിന്ദി റീമേക്കിന്റെ ട്രെയ്‌ലര്‍ പുറത്തെത്തിയിരിക്കുന്നു.

ഷാഹിദ് കപൂര്‍ നായകനാവുന്ന ചിത്രത്തിന്റെ പേര് 'കബീര്‍ സിംഗ്' എന്നാണ്. തെലുങ്ക് ഒറിജിനല്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗ തന്നെയാണ് 'കബീര്‍ സിംഗ്' സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക.