കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന 'നാൻ പെറ്റ മകൻ' വെള്ളിത്തിരയിലേക്ക്. ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രണ്ട് മിനിട്ട് പന്ത്രണ്ട് സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള ട്രെയിലര്‍ അഭിമന്യുവിന്‍റെ കോളേജിലെയും നാട്ടിലെയും ജീവിതം വരച്ചുകാട്ടുന്നതാണ്.

 

നേരത്തെ ചിത്രത്തിന്‍റെ ആദ്യ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുറിവേറ്റു വീഴുന്നു എന്നു തുടങ്ങുന്ന ഗാനം, മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് ബിജിപാലിന്‍റെ സംഗീതത്താല്‍ മനോഹമായിരുന്നു. പുഷ്പവതിയാണ് ഗാനം ആലാപിച്ചിട്ടുള്ളത്.

പാട്ടും കവിതയുമായി മഹാരാജാസിൽ നിറഞ്ഞുനിന്ന് ഒടുവിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകൻ സജി എം പാലമേലാണ്. നടൻ മിനോൺ ആണ് അഭിമന്യുവായെത്തുന്നത്. ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, സീമ ജി നായര്‍, ജോയ് മാത്യു, സിദ്ധാര്‍ഥ് ശിവ, സരയു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.