ചിരഞ്ജീവി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'സൈറാ നരസിംഹ റെഡ്ഡി'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ടീസര്‍ പോലെ തന്നെ തെലുങ്കിന് പുറമെ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലും ട്രെയ്‌ലര്‍ എത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ അധികരിച്ചാണ് സിനിമ. 

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ടൈറ്റില്‍ റോളിലെത്തുന്ന ചിരഞ്ജീവിക്കൊപ്പം അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, കിച്ച സുദീപ്, വിജയ് സേതുപതി, തമന്ന, നിഹാരിക തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളായി എത്തുന്നു. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍ ആണ് നിര്‍മ്മാണം. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തും. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം പതിപ്പുകളും റിലീസ് ഉണ്ട്.