അമിതാഭ് ബച്ചന്റെ 102 നോട്ട് ഔട്ട്, പ്രകടനം തുടരുന്നു 

അമിതാഭ് ബച്ചനും ഋഷി കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 102 നോട്ട് ഔട്ട് എന്ന സിനിമ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുന്നു. 102 നോട്ട് ഔട്ട് 50 കോടി ക്ലബ്ബിലേക്ക് എത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ചിത്രം 47. 56 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത്. 2018ല്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഏഴാം സ്ഥാനത്താണ് 102 നോട്ട് ഔട്ട്.

ചിത്രത്തില്‍ അച്ഛനും മകനുമായിട്ടാണ് അമിതാഭ് ബച്ചനും ഋഷികപൂറും അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് 102 വയസ്സും ഋഷി കപൂറിന്റെ കഥാപാത്രത്തിന് 75 ഉം ആണ് പ്രായം. ഏറ്റവും പ്രായംകൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോര്‍ഡുള്ള ചൈനക്കാരനെ മറികടക്കാൻ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് 16 വര്‍ഷം കൂടി ജീവിക്കണം. അതിനുവേണ്ടിയുള്ള ശ്രമമാണ് ചിത്രത്തില്‍ അയാള്‍ നടത്തുന്നത്.


ഗുജറാത്തിലെ പ്രശസ്‍തമായ ഒരു നാടകം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉമേഷ് ശുക്ലയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.