അമിതാഭ് ബച്ചനും ഋഷി കപൂറും വര്‍ഷങ്ങളുടെ ഇടവേളയ്‍ക്കു ശേഷം ഒന്നിക്കുന്ന '102 നോട്ട് ഔട്ട്' എന്ന പുതു ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. അച്‍ഛനും മകനുമായിട്ടാണ് ഇരുവരും സിനിമയില്‍ അഭിനയിക്കുന്നത്. 102 വയസ്സുള്ള അച്ഛനായിട്ടാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്. ബച്ചന്റെ സമകാലീനായ ഋഷി കപൂര്‍ 75കാരനായ മകനായിട്ടും.
പ്രായം തോൽക്കുന്ന ചുറുചുറുക്കോടെ കളിച്ചുരസിക്കുന്ന രണ്ട് പേർ. അപൂർവ്വ ബന്ധത്തിൻറെ രസകരമായ കഥയാണ് 102 നോട്ട് ഔട്ട് ആവിഷ്കരിക്കുന്നത്. ബിഗ് ബിയുടെ അച്ഛൻ കഥാപാത്രത്തിന് ഒരേ ഒരു ലക്ഷ്യം മാത്രം. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ്.
അരങ്ങിൽ തകർത്തോടുന്ന ഒരു ഗുജറാത്തി നാടകമാണ് സിനിമയ്ക്ക് ആധാരം. ഓ മൈ ഗോഡിലൂടെ വ്യത്യസ്ത കഥ പറഞ്ഞ് പ്രേക്ഷക ശ്രദ്ധ നേടിയ ഉമേഷ് ശുക്ലയാണ് സംവിധായകൻ. മെയ് 4ന് ചിത്രം തീയേറ്ററിലെത്തും. അജൂബ, കൂലി, അമർ അക്ബർ ആൻറണി, നസീബ് തുടങ്ങി ബിഗ് ബിയും റിഷി കപൂറും ഒന്നിച്ചപ്പോഴെല്ലാം വെള്ളിത്തിരയിൽ പിറന്നത് സൂപ്പർഹിറ്റുകളായിരുന്നു.

