ആടുജീവിതത്തിൽ വിഎഫ്എക്സ് ഉപയോഗിച്ചുവെന്ന സംവിധായകൻ സുദീപ്തോ സെന്നിന്റെ വാദത്തിനെതിരെ, ഛായാഗ്രഹണത്തിന് ഓസ്കർ നേടിയ 'ഡ്യൂൺ', 'ബ്ലേഡ് റണ്ണർ' പോലുള്ള സിനിമകളിലും വിഎഫ്എക്സ് ഉപയോഗിച്ചിട്ടുണ്ടെന്ന് ഇൻഫ്ളുവൻസർ
ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനും, ഛായാഗ്രഹണത്തിനുമുള്ള അവാർഡ് സ്വന്തമാക്കിയത് സുദീപ്‌ദോ സെൻ സംവിധാനം ചെയ്ത ദി കേരളം സ്റ്റോറി എന്ന ചിത്രമായിരുന്നു. ഇതേത്തുടർന്ന് വലിയ വിവാദങ്ങളും സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്നു വന്നിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിൽ ഛായാഗ്രഹണ മികവിന് സുനിൽ കെ.എസ് സ്വന്തമാക്കേണ്ട അവാർഡ് ആയിരുന്നു കേരളം സ്റ്റോറിക്ക് നൽകിയത് എന്നാൺ്യിരുന്നു പ്രധാന വിമർശനം.
കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ സുദീപ്‌ദോ സെൻ പങ്കുവെച്ച പോസ്റ്റിൽ ഇതേകാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരാൾ കമന്റ് ചെയ്തിരുന്നു. ആടുജീവിതം തനിക്കും ഇഷ്ടപെട്ട സിനിമയാണെന്നും, പക്ഷേ അതിന്റെ ദൃശ്യങ്ങൾ വിഎഫ്എക്സ് ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്നും, ഓൺലൈനിൽ വാദിക്കുന്നതിനുപകരം ജൂറികൾ പറയുന്നത് കേൾക്കൂ എന്നുമാണ് കമന്റിന് മറുപടിയുമായി സുദീപ്ദോ സെൻ എഴുതിയത്.
എന്നാൽ ഇതിനെതിരെ കാൾ ലാഫ്രെനെയ്‌സ് എന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ലോക സിനിമയിലെ തങ്ങന്നെ മികച്ച സിനിമകളായി കണക്കാക്കപ്പെടുന്ന ബ്ലേഡ് റണ്ണർ 2049, ലൈഫ് ഓഫ് പൈ, ഗ്രാവിറ്റി, ഡ്യൂൺ എന്നീ ചിത്രങ്ങളിൽ നല്ല രീതിയിൽ വിഎഫ്എക്സ് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ നേടിയ ചിത്രങ്ങളാണ് ഇവയൊന്നും കാൾ ലാഫ്രെനെയ്‌സ് ചൂണ്ടികാണിച്ചു.
'ബ്ലേഡ് റണ്ണർ 2049'
"അതുകൊണ്ടാണ് ‘ബ്ലേഡ് റണ്ണർ 2049’ മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കർ നേടിയത്. അതുകൊണ്ടാണ് ‘ലൈഫ് ഓഫ് പൈ’, ‘ഗ്രാവിറ്റി’, ‘ഡ്യൂൺ’ എന്നീ സിനിമകൾ ഇതേ അവാർഡ് നേടിയത്. വിഎഫ്‌എക്‌സ് ഒരു അയോഗ്യതാ ഘടകമാണെങ്കിൽ ലോക സിനിമയിലെ ഏറ്റവും വലിയ ദൃശ്യ നേട്ടങ്ങളിൽ പകുതിയും നമ്മുടെ സംഭാഷണത്തിൽ പോലും ഉണ്ടാകില്ലായിരുന്നു. പിന്നെ, ഇൻസ്റ്റഗ്രാമിൽ എന്തും എഴുതുന്നവർക്ക് താങ്കൾ ക്ലാസ് എടുക്കുന്നതു കണ്ടു. അത് ശരിയാണ്, ഇൻസ്റ്റഗ്രാം അങ്ങനൊരു സൗകര്യം നൽകുന്നുണ്ട്. അതിനെ ആവിഷ്കാര സ്വാതന്ത്ര്യം എന്നാണ് വിളിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ച് ചെറിയ ധാരണയുണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. സിനിമയോടുള്ള സ്നേഹംകൊണ്ടു പറയുകയാണ് നിങ്ങളുടെ സിനിമ ദ് കേരള സ്റ്റോറിയുമായി ആടുജീവിതത്തെ താരതമ്യം ചെയ്യരുത്." കാൾ ലാഫ്രെനെയ്‌സ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന്റെ കമന്റിനെ പിന്തുണച്ചുകൊണ്ട് രംഗത്തുവരുന്നത്.



