അബ്രഹാമിന്‍റെ സന്തതികളുടെ ട്രെയിലര്‍ പുറത്തുവിട്ടു- വീഡിയോ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ അബ്രഹാമിന്‍റെ സന്തതികളുടെ ആദ്യ ട്രെയിലര്‍ എത്തി. നായകന്‍റെ മുഖം ഒരിടത്തും കാണിക്കാത്ത ദൃശ്യങ്ങള്‍ ഏറെ പ്രതീക്ഷയും ആകാംക്ഷയും ഉണര്‍ത്തുന്ന മുഴുനീള ത്രില്ലര്‍ ആയിരിക്കുമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. 

കൊച്ചിയില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത പ്രത്യേക ചടങ്ങില്‍ വച്ചു മമ്മൂട്ടിയും പ്രമുഖ സംവിധായകന്‍ ജോഷിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കിയത്. ഡെറിക്ക് അബ്രഹാം എന്ന പോലീസ് ഉദ്യോഗസ്ഥനായാണ്‌ മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

സാധാരണ പോലീസ് കഥയ്ക്ക് അപ്പുറത്തേക്ക് മനുഷ്യബന്ധങ്ങളുടെകൂടി കഥയാണ്‌ അബ്രഹാമിന്‍റെ സന്തതികള്‍ പറയുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ഒരുപാട് ദുഖവും വേദനയും ഏറ്റുവാങ്ങിയ കഥാപാത്രമാണ് താന്‍ അവതരിപ്പിച്ച നായകനെന്നും അദ്ദേഹം പറഞ്ഞു. 

നവാഗതനായ ഷാജി പാടൂരാണ് സംവിധായകന്‍. റംസാന്‍ ദിനമായ ജൂണ്‍ 16 നു ചിത്രം തീയറ്ററുകളില്‍ എത്തും. 

ആരാധകര്‍ക്കായി മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക്‌ പേജിലൂടെ ട്രെയിലര്‍ പങ്കുവച്ചു. ചിത്രത്തിന്‍റെ ഗാനത്തിനും പോസ്റ്റിറിനും എന്നതുപോലെ വന്‍ സ്വീകരണമാണ് ട്രെയിലറിനും ലഭിക്കുന്നത്. 

കനിഹ നായികയാകുന്ന ചിത്രത്തില്‍ സിദ്ധിഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോന്‍ എന്നിവരും പോലീസ് വേഷമാണ് ചെയ്തിട്ടുള്ളത്. കൂടാതെ സുരാജ് വെഞ്ഞാറമൂട്, അന്‍സണ്‍ പോള്‍, യോഗ് ജാപ്പെ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 

ടേക്ക്-ഓഫ്‌ സംവിധായകന്‍ മഹേഷ്‌ നാരായണനാണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ഹനീഫ് അദനിയുടേതാണ് തിരക്കഥ. ഗുഡ്‌വില്‍ എന്‍റര്‍ടെയിന്‍മെന്‍റസിന്‍റെ ബാനറില്‍ ടി എല്‍ ജോര്‍ജാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.