പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ ദുരിതാശ്വാസ ക്യാമ്പിൽ സ്നേഹത്തോടെ കഴിയുന്നു,  അമ്പലത്തിൽ നിസ്കരിക്കാൻ ബന്ധപ്പെട്ടവർ അവസരമൊരുക്കിക്കൊടുക്കുന്നു തുടങ്ങിയ അസുലഭ കാഴ്ചകൾ കാണാൻ തനിക്ക് പ്രളയകാലം അവസരം തന്നു

തിരുവനന്തപുരം: പ്രളയത്തെ ഞാൻ പോസിറ്റീവായി കാണുന്നതെന്ന് നടൻ അലെൻസിയർ. സമത്വം, മതേതരത്വം, മൂല്യബോധം എന്നിവ മലയാളികളെ ഓർമ്മപ്പെടുത്താനും അനുഭവിപ്പിക്കാനും അവസരമൊരുക്കി എന്ന അർഥത്തിൽ പ്രളയത്തെ താൻ ഗുണപരമായ കാലത്തിന്‍റെ ഇടപെടൽ ആയിട്ടാണ് വിലയിരുത്തുന്നതും അദ്ദേഹം വിവരിച്ചു.

തിരുവനന്തപുരം വലിയതോപ് സെന്റ് റോക്ക്സ് കോൺവെന്റ് സ്കൂളിൽ നടന്ന 'സ്നേഹ പ്രളയമെഴുത്ത് ' പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ പെട്ട പാലക്കാട് മോയൻ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ പുസ്തകങ്ങൾ എഴുതി നൽകുന്ന പരിപാടിയായിരുന്നു 'സ്നേഹ പ്രളയമെഴുത്ത് '.

പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ ദുരിതാശ്വാസ ക്യാമ്പിൽ സ്നേഹത്തോടെ കഴിയുന്നു, അമ്പലത്തിൽ നിസ്കരിക്കാൻ ബന്ധപ്പെട്ടവർ അവസരമൊരുക്കിക്കൊടുക്കുന്നു തുടങ്ങിയ അസുലഭ കാഴ്ചകൾ കാണാൻ തനിക്ക് പ്രളയകാലം അവസരം തന്നു എന്ന് അലൻസിയർ തുടർന്ന് വിശദീകരിച്ചു.

ദുരിതക്കയങ്ങൾക്കിടയിലും നന്മയുടെ തുരുത്തുകൾ സൃഷ്ടിക്കാൻ പ്രളയത്തിന് കഴിഞ്ഞു. സ്കൂളിലെ എൻസിസി വിദ്യാർത്ഥികൾ ശേഖരിച്ച പഠന വസ്തുക്കൾ വിഴിഞ്ഞം മദർ പോർട്ട്‌ ആക്ഷൻ സമിതി പ്രസിഡന്റ്‌ ഏലിയാസ് ജോൺ ഏറ്റു വാങ്ങി. പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും എട്ട് വിഷയങ്ങളുടെ നോട്ടുകൾ എഴുതി വിതരണം ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഇതൊനോടകം അഞ്ഞൂറ് പേർക്ക് ബോക്കുകൾ നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. വി -മാക്ക് 'സ്നേഹ പ്രളയമെഴുത്തു' പരിപാടിയുടെ കൺവീനർ ഗിരിജ ടീച്ചർ, സ്കൂൾ മാനേജർ സിസ്റ്റർ ആൻ , അധ്യാപകരായ മേഴ്‌സി മാർഗരറ്റ്, സജി എന്നിവർ പ്രസംഗിച്ചു. ഹാർബർ വിജയൻ, പ്രശാന്ത് ഡേവിഡ്, ശ്രീജിത്ത്‌, അഞ്ജു പോൾ, ദീപ്തി, ഷേർലി, അന്നക്കുട്ടി ജോസഫ് മറ്റധ്യാപകർ തുടങ്ങിയവർ പകർത്തിയെഴുത്തിനു നേതൃത്വം നൽകി. എഴുതിയ പുസ്തകങ്ങളും ശേഖരിച്ച സാധനങ്ങളും നാളെ പാലക്കാട്ടേക്ക് അയക്കും.