കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ വിചരണ തടവുകാരനായി കഴിയുന്ന ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ വീട്ടില്‍ പോകാന്‍ കോടതി അനുമതി നല്‍കി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ അപേക്ഷ പരിഗണിച്ച് അനുമതി നല്‍കിയത്. ആലുവ മണല്‍പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളില്‍ ദിലീപിന് പങ്കെടുക്കാം.
ബുധനാഴ്ച വീട്ടിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് തന്നെ മടങ്ങണം. രണ്ട് മണിക്കൂര്‍ സമയമാണ് കോടതി ദിലീപിന് അനുവദിച്ചത്. ദിലീപ് സമര്‍പ്പിച്ച ജാമ്യപേക്ഷ രണ്ടാം തവണയും ഹൈക്കോടതി തള്ളിയതിന് ശേഷമാണ് ദിലീപ് ശ്രാദ്ധത്തിന്റെ ചടങ്ങുകള്‍ക്ക് വീട്ടില്‍ പോകാന്‍ അനുമതി തേടിയത്. അതിനിടെ ദിലീപിന്റെ റിമാന്റ് കാലാവധി ഈ മാസം 16 വരെ നീട്ടിയിരുന്നു.
