ചാലക്കുടി: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റർ സമുച്ചയം അടച്ചുപൂട്ടി. ലൈസൻസ് റദ്ദു ചെയ്ത് ചാലക്കുടി നഗരസഭാ കൗണ്‍സിൽ തീരുമാനമെടുത്തതിനെ തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അടച്ചുപൂട്ടൽ.
തിയറ്ററിന്റെ ലൈസൻസും കെട്ടിടത്തിന്റെ കൈവശാവകാശവും റദ്ദാക്കിയാണ് ചാലക്കുടി നഗരസഭ കഴിഞ്ഞദിവസം തീരുമാനമെടുത്തത്. കൗണ്‍സിൽ അംഗീകാരമില്ലാതെ അഞ്ച് എച്ച്പി മോട്ടോർ സ്ഥാപിച്ചതിന്റെ പേരിലാണ് ലൈസൻസ് റദ്ദു ചെയ്തതെന്നും, അനുമതി നല്‍കിയതിൽ കൂടുതൽ സ്ഥലത്ത് അനധികൃതമായി നിർമാണം നടത്തിയതിനാണ് ഒക്യുപ്പൻസി (കൈവശാവകാശം) റദ്ദാക്കുന്നതെന്നും നഗരസഭാ ചെയർപേഴ്സണ്‍ ഉഷ പരമേശ്വരൻ അറിയിച്ചു.
നേരത്തെ, ഡി-സിനിമാസ് ഭൂമിയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി ലാന്റ് റവന്യൂ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. 35 സെന്റ് സ്ഥലം തോട് പുറമ്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തമ്പുരാന് കോവിലകം വകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയർന്നിരുന്നു. ഈ പരാതികളിൽ അന്വേഷണം നടക്കുന്നുണ്ട്.
