തിരുവനന്തപുരം: സന്ദേശം എന്ന സിനിമയോട് വിയോജിപ്പ് പ്രകടിപ്പിച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്കരന് മറുപടിയുമായി നടൻ‌ ഹരീഷ് പേരടി. സന്ദേശം സിനിമ നൽകുന്ന സന്ദേശത്തിൽ സംശയമുണ്ടെന്നായിരുന്നു ശ്യാം പുഷ്കരൻ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. ''ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വർഷം ഒരു ഹർത്താൽ നടന്നത് ശ്യാം പുഷ്കരൻ അറിഞ്ഞില്ലേ? അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയം'' എന്നാണ് മറുപടിയായി ഹരീഷ് പേരടി ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. 

''സന്ദേശം എന്ന  സിനിമ നല്‍കുന്ന സന്ദേശമെന്തെന്ന് എനിക്ക് സംശയമുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോട് താത്പര്യമുള്ള ആളാണ് ‍ഞാന്‍. പക്ഷേ സിനിമ വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണ്ടെന്നാണ് പറഞ്ഞു വയ്ക്കുന്നത്. അവരെന്തെങ്കിലും രാഷ്ട്രീയം പ്രകടിപ്പിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്.'' ശ്യാം പുഷ്കരന്‍ പറയുന്നു. ഈ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കൊണ്ട് ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു. 

ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടക്കുന്ന സമയത്ത് വേണുഗോപാലന്‍ നായര്‍ എന്നയാള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ സമൂഹത്തോട് വെറുപ്പാണെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നുമായിരുന്നു വേണുഗോപാലന്‍ നായരുടെ മരണമൊഴി. ഈ സംഭവമാണ് ശ്യാം പുഷ്കരന് മറുപടിയായി ഹരീഷ് പേരടി പരാമര്‍ശിച്ചിരിക്കുന്നത്.

ശ്രീനിവാസന്‍റെ തിരക്കഥയില്‍ 1991 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു സന്ദേശം. ശ്രീനിവാസനും ജയറാമും ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ സഹോദരങ്ങളെ അവതരിപ്പിച്ചത്. ഒരേ വീട്ടില്‍ രണ്ട് സഹോദരന്‍മാര്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുമ്പോൾ വീട്ടിലും സമൂഹത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം.