കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് നിര്‍ണ്ണായക ദിനം. ദിലീപിന്‍റെ ജമ്യാപേക്ഷയില്‍ 10.15ന് ഹൈക്കോടതി വിധി പറയും. റിമാന്‍ഡില്‍ പത്ത് ദിവസം കഴിയുമ്പോഴാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നത്. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ജാമ്യം തള്ളിയാല്‍ ദിലീപ് റിമാന്‍ഡ് തടവുകാരനായി ആലുവ സബ് ജയിലിലേക്ക് തന്നെ മടങ്ങേണ്ടി വരും. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി പിടിയിലാകുന്നതിന് മുന്‍പ് ജാമ്യം നേടാനാണ് ദിലീപിന്‍റെ ശ്രമം എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ അറസ്റ്റുകള്‍ വേണമെന്നും അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നുമാണ് പോലീസ് കോടതിയില്‍ വാദിച്ചത്. പോലീസിന്‍റെ അന്വേഷണ ഡയറിയും കോടതിക്ക് മുന്നിലുണ്ട്.

അതിനിടെ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതുന്ന മൊബൈല്‍ ഫോണിനെ സംബന്ധിച്ച് പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ വ്യത്യസ്തമായ മൊഴികള്‍ നല്‍കുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. മൊബൈല്‍ ഫോണ്‍, തന്‍റെ ജൂണിയറായ രാജു ജോസഫ് നശിപ്പിച്ചുവെന്നാണ് പ്രതീഷിന്റെ മൊഴി. എന്നാല്‍ രാജു ജോസഫ് ഇക്കാര്യം സമ്മതിച്ചിട്ടില്ല. 

സത്യം വെളിപ്പെടുത്താന്‍ ഇരുവര്‍ക്കും ഒരു അവസരം കൂടി നല്‍കാനാണ് പോലീസിന്റെ തീരുമാനം. തെളിവ് നശിപ്പിക്കാനോ മറച്ചുവയ്ക്കാനോ കൂട്ടു നിന്നുവെന്ന് തെളിഞ്ഞാല്‍ രാജു ജോസഫ് കൂടി കേസില്‍ പ്രതിയാകും. ഫോണ്‍ വിദേശത്തേക്ക് കടത്തിയിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.