ഹൈദരാബാദ്: ലഹരിമരുന്നു മാഫിയയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്‍പാകെ നടി ചാര്‍മി കൗര്‍ ഹാജരായി. സംവിധായകരും നടന്‍മാരും അടക്കം തെലുങ്ക് സിനിമാ മേഖലയിലെ 12 പേരെ ഇതിനകം അന്വേഷണസംഘം ചോദ്യം ചെയ്തു. 

ഇന്നലെ രാവിലെ നംപല്ലിയിലെ എസ്‌ഐടി ഓഫിസിലാണ് ചാര്‍മി ഹാജരായത്. അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രം ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചാര്‍മി സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച ഹൈദരാബാദ് ഹൈക്കോടതി തള്ളിയിരുന്നു. പകരം, വനിതാ ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ പകല്‍ പത്തിനും അഞ്ചിനുമിടയില്‍ ചോദ്യം ചെയ്യാന്‍ കോടതി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കി. 

രക്തം, മുടി, നഖം സാംപിളുകള്‍ നടിയുടെ അനുമതി കൂടാതെ ശേഖരിക്കരുതെന്നും നിര്‍ദേശിച്ചു. 2002ല്‍ തെലുങ്കിലൂടെ അരങ്ങേറ്റം കുറിച്ച ചാര്‍മി, മലയാളത്തില്‍ ദിലീപ് നായകനായ ആഗതനില്‍ നായികയായിരുന്നു. സിനിമാമേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ 19 പേര്‍ ഇതിനകം അറസ്റ്റിലായി.