പ്രത്യേക കോടതി, വനിതാ ജഡ്ജി; നിലപാട് രേഖാമൂലം അറിയിക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന നടിയുടെ ഹർജി തടസമില്ലെന്ന സർക്കാർ നിലപാട് ഹൈക്കോടതിയുടെ ഭരണ വിഭാഗത്തെ അറിയിക്കാൻ സിംഗിൾ ബഞ്ച് നിർദേശം നൽകി. അതേസമയം നടിയുടെ ഹര്‍ജി അടുത്ത മൂന്നിനു വിശദവാദത്തിനായി മാറ്റി.

കേസില്‍ വനിതാ ജ‍ഡ്ജി അനിവാര്യമാണെന്നും പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ദിലീപ് വിചാരണ തടസപ്പെടുത്താന്‍ കോടതിയില്‍ ഹര്‍ജി നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കര്‍ അറിയിച്ചിരുന്നു. 

അതേസമയം കേസിലെ പ്രതിയായ അഭിഭാഷകൻ പ്രതിഷ് ചാക്കോ സമർപ്പിച്ച വിടുതൽ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി 26 ലേക്ക് മാറ്റി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സമർപ്പിച്ച ഹർജി അടുത്ത മാസം മൂന്നിലേക്കും മാറ്റി.

പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് സർക്കാറിന്‍റെ സമ്മതം സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. വിചാരണയ്ക്ക് വനിതാ ജഡ്‌ജി അഭികാമ്യമാണ്. കേസിന്റെ പ്രത്യേക സാഹചര്യം കോടതി പരിഗണിക്കണം. പ്രതി ദിലീപ് വിചാരണ തടസപ്പെടുത്താൻ നിരന്തരം ഹർജിയുമായി കോടതിയെ സമീപിക്കുകയാണ്. അതുകൊണ്ട് വിചാരണ വേഗത്തിൽ ആക്കണമെന്നും സർക്കാർ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.