ശ്രീദേവിയുടെ മൃതദേഹം വിട്ടുനൽകി; അർദ്ധരാത്രിയോടെ ഇന്ത്യയിലെത്തിക്കും

First Published 27, Feb 2018, 5:28 PM IST
actress sridevi body will be brought to india today
Highlights
  • ശ്രീദേവിയുടെ മൃതദേഹം വിട്ടുനൽകി​
  • മൃതദേഹം അർദ്ധരാത്രിയോടെ ഇന്ത്യയിലെത്തിക്കും
  •  ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷന്‍​

ദുബായ്: നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് അർദ്ധരാത്രിയോടെ മുംബൈയിൽ എത്തിക്കും. മുകേഷ് അംബാനിയുടെ ചാർട്ടേർഡ് വിമാനത്തിലായിരിക്കും മൃദദേഹം ഇന്ത്യയിലേക്ക് കൊണ്ട് വരിക. നാളെ ഉച്ചതിരിഞ്ഞ് വില്ല പാർലെയിലെ ഹിന്ദു സമാജ് ശ്മശാനത്തിലാണ് സംസ്കാരം.  

നാളെ രാവിലെ കപൂർ കുടുംബത്തിന്റെ ബംഗ്ലാവായ ഭാഗ്യയിലും തുടർന്ന് അന്ധേരിയിലെ തന്നെ സെലിബ്രേഷൻ സ്പോർട്സ് ക്ലബ്ബിലും പൊതുദർശനത്തിന് വയ്ക്കുമെന്നാണ് വിവരം. താര റാണിയ്ക്ക് യാത്രാമൊഴി നൽകാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ നഗരം. അർദ്ധരാത്രിയോടെ പ്രത്യേക വിമാനത്തിൽ എത്തിക്കുന്ന ശ്രീദേവിയുടെ ഭൗതിക ശരീരം, അവരുടെ താമസസ്ഥലമായ അന്ധേരിയിലെ ഗ്രീൻ ഏക്കേഴ്സിലേക്ക് കൊണ്ടുപോകും.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബായ് മീഡിയ ഓഫിസിന്റെ സ്ഥിരീകരണം. ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷന്‍. ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചു.  ശ്വാസകോശത്തില്‍ വെളളം കയറിയാണ് മരിച്ചത്.  പരാതി കിട്ടിയാല്‍ മാത്രം വീണ്ടും അന്വേഷിക്കും.  തലയ്ക്ക് മുറിവേറ്റെന്നും ഫൊറാന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ മരണകാരണം ഈ മുറിവല്ലെന്നും പ്രോസിക്യൂഷന്‍.

അതേസമയം, ഭര്‍ത്താവ് ബോണി കപൂറിന്‍റെ പാസ്പോര്‍ട്ട് ദുബായ് പൊലീസ് പിടിച്ചുവെച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ബാത്ത്ടബ്ബിലെ വെളളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചത്. ഹോട്ടലിലെ കുളിമുറിയിലാണ് ശ്രീദേവിയെ അബോധാവസ്ഥയില്‍ കണ്ടത്. ഫൊറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇന്ന് രാത്രിയോടെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കുമെന്നാണ് വിവരം. 

ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ദുബായി എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ താമസസ്ഥാലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഖിസൈസിസെ ദുബായി പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്തു. 

മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ഖുഷിയും ശ്രീദേവിയ്ക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബര്‍ദുബായി പോലീസ് സംഭവത്തില്‍ കേസെടുത്ത് താമസസിച്ച ഹോട്ടല്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

നാലാം വയസ്സിൽ തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം. നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാല് ദിവസമായി  ശ്രീദേവിയും കുടുംബവും ദുബായിൽ ആയിരുന്നു.

 

loader