തൊടുപുഴ: നാനൂറ്റമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുളള നടി തൊടുപുഴ വാസന്തി അന്തരിച്ചു. ഗുരുതര രോഗങ്ങളാല്‍ ചികിത്സയിരിക്കെ പുലര്‍ച്ചെ നാലിന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് നാലിന് തൊടുപുഴ മണക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.
ഏറെ വര്‍ഷങ്ങളായി തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വീട്ടിലായിരുന്നു താമസം. പ്രമേഹം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് നേരത്തെ വലതുകാല്‍ മുറിച്ച കളഞ്ഞതിനു പുറമേ തൊണ്ടയില്‍ അര്‍ബ്ബുദമുള്‍പ്പെടെയുളള ഗുരുതര രോഗങ്ങളും പിടിപെട്ടിരുന്നു. നാല്‍പതു വര്‍ഷത്തിനിടെ നാനൂറ്റമ്പതോളം സിനിമകളില്‍ കഥാപാത്രങ്ങളായിട്ടുളള വാസന്തിയുടെ ഒടുവിലത്തെ മോഹവും രോഗം മൂലം 2010ല്‍ നിര്‍ത്തേണ്ടിവന്ന അഭിനയം തുടരണമെന്നതായിരുന്നു.
ഇടുക്കി ജില്ലയില്‍ മണക്കാട് എന്ന ഗ്രാമത്തിലാണ് വാസന്തി ജനിച്ചത്. സിനിമയ്ക്ക് പുറമെ 16-ലധികം ടെലിവിഷന്‍ പരമ്പരകളിലും 120-ഓളം നാടകങ്ങളിലും വാസന്തി വേഷമിട്ടു. നാടകനടനായ രാമകൃഷ്ണന്‍ നായരാണ് അച്ഛന്‍. അദ്ദേഹത്തിന്റെ ബാലെ ട്രൂപ്പിലായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം.
നടി ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാര്‍ത്ത കൊടുത്തിരുന്നു. പക്ഷെ ആരോടും പരിഭവിക്കാഞ്ഞ വാസന്ത ക്രച്ചസിലാണെങ്കിലും ഇനിയും അഭിനയിക്കാന്‍ കഴിയണേ എന്ന ആഗഹം ബാക്കി വച്ചാണ് വിടപറഞ്ഞത്..
