വോട്ട് ചെയാൻ താൻ കൊച്ചിയിലെത്തും. ജയിക്കുന്നവർ ഫണ്ട് കൃത്യമായി വിനിയോഗിക്കണം.
ചെന്നൈ: താരസംഘടനയായ അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടി ഉർവശി. നടി പ്രസിഡന്റ് ആകുന്നതിനെ സ്ത്രീകളെല്ലാം പിന്തുണയ്ക്കുമെന്ന് ഉർവശി പറഞ്ഞു. സംഘടനയെ നല്ല രീതിയിൽ കൊണ്ടുപോകാൻ പറ്റുന്നവർ ജയിക്കണമെന്ന് ഉർവശി പറഞ്ഞു. മത്സരിക്കാൻ തന്നെ നിർബന്ധിച്ചിരുന്നു. തന്റെ സാഹചര്യം വേറെ ആയതിനാൽ മത്സരിച്ചില്ലെന്ന് ഉർവശി പറഞ്ഞു.
വോട്ട് ചെയാൻ താൻ കൊച്ചിയിലെത്തും. ജയിക്കുന്നവർ ഫണ്ട് കൃത്യമായി വിനിയോഗിക്കണം. ഇല്ലെങ്കിൽ ചോദ്യം ചെയ്യുമെന്നും ഉർവശി വ്യക്തമാക്കി. മമ്മൂട്ടിക്കും മോഹൻലാലിനും നയിക്കാൻ പദവി ആവശ്യമില്ല. തുടർന്നും ഭാരവാഹികൾക്കൊപ്പം ഇരുവരും ഉണ്ടാകുമെന്നും ഉർവശി പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെയും ഉർവശി തുറന്നടിച്ചു. വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് ഉർവശി ആവശ്യപ്പെട്ടു.
തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകൾ അറിയില്ല. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉർവശി പറഞ്ഞു. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ...
ഒരു അവാർഡ് എന്തിന് വേണ്ടി. അത് ഏത് മാനദണ്ഡത്തിലാണ് കൊടുക്കുന്നത്. ജൂറിക്ക് അത് വ്യക്തമാക്കേണ്ട കടമയുണ്ടല്ലോ. അല്ലാതെ ഞങ്ങൾ ഞങ്ങൾക്ക് തോന്നിയത് കൊടുക്കും. എല്ലാവരും വന്ന് വാങ്ങിക്കണമെന്ന നിലപാട് ഇങ്ങനെ കാലങ്ങളോളം തുടർന്ന് പോയാൽ അർഹിക്കുന്ന പലർക്കും കിട്ടില്ല. എനിക്ക് പിന്നാലെ ഇനിയും പലരും വരും. എൻറെ കാര്യത്തിൽ ചോദിച്ച് ക്ലാരിഫൈ ചെയ്തില്ലെങ്കിൽ എനിക്ക് പിന്നാലെ വരുന്നവർക്ക് എന്താണ് വിശ്വാസം. ഉർവശി ചേച്ചിക്ക് ഇതാണ് അവസ്ഥയെങ്കിൽ ഞങ്ങളുടെ കാര്യങ്ങളൊന്ന് ആലോചിച്ച് നോക്കൂന്ന് ഒരിക്കൽ റിമ കല്ലിങ്കൽ എന്നോട് ചോദിച്ചിരുന്നു. കുട്ടേട്ടൻറെ(വിജയരാഘവൻറെ) ഷാരൂഖ് ഖാൻറെ പെർഫോമൻസും തമ്മിൽ അവർ കണക്കാക്കിയത് എന്താണ്? എന്ത് മാനദണ്ഡത്തിൽ ഏറ്റക്കുറച്ചിൽ കണ്ടു. ഇതെങ്ങനെ സഹനടനായി? അതെങ്ങനെ മികച്ച നടനായി? തീയെന്ന് പറഞ്ഞാൽ വാ പൊള്ളും എന്ന കാലം മാറണം. നികുതി കെട്ടിവച്ചാണ് ഞങ്ങളൊക്കെ അഭിനയിക്കുന്നത്. അല്ലാതെ ചുമ്മാ വന്ന് അഭിനയിച്ച് പോകുന്നതല്ലല്ലോ. അത് അവർ വ്യക്തമാക്കണം. ആടുജീവിതം എന്ന സിനിമ പരാമർശിക്കാതെയും പോയി. എന്തുകൊണ്ട് നമ്മുടെ ഭാഷയ്ക്ക് പുരസ്കാരം കിട്ടിയില്ല. മികച്ച നടിക്ക് വേണ്ടി ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. അതൊന്നും ജൂറി കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ. ബഹുമാനപ്പെട്ട സുരേഷ് ഗോപിയൊക്കെ നിൽക്കയല്ലേ. അദ്ദേഹം ചോദിച്ച് ഉത്തരം പറയട്ടെ.
താൻ സംസാരിക്കുന്നത് ഇനി വരാൻ ഉള്ളവർക്ക് വേണ്ടിയാണ്. ഇത്രയും പരിചയസമ്പത്ത് ഉള്ള താൻ അല്ലെങ്കിൽ ആര് ചോദിക്കും എന്നാണ് പലരും ചോദിക്കുന്നത്. ഞാൻ ചോദിക്കുന്നത് എന്തിൻറെ അടിസ്ഥാനത്തിൽ എങ്ങനെ അവാർഡ് നൽകി എന്നതാണ്. കാരണം പറഞ്ഞാൽ മതി ഞങ്ങൾക്ക് തൃപ്തിയാണ്. ആരെയും കുറ്റപ്പെടുത്താനല്ല ഇത് പറയുന്നത്. ഇതിനകത്ത് വ്യക്തത വേണം. ഇക്കാര്യങ്ങൾ അറിഞ്ഞിട്ട് മതി പുരസ്‌കാരം വാങ്ങുന്നത്. തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാൻ പെൻഷൻ കാശൊന്നും അല്ലല്ലോ. ഇത്രയും കാലമായി സിനിമയ്ക്ക് വേണ്ടി നിൽക്കുന്നവരാണ്. മികച്ച നടൻ, മികച്ച നടി എന്നിവയ്ക്ക് അവാർഡ് നൽകാനുള്ള മാനദണ്ഡം എന്താണ്. എന്തുകൊണ്ട് അത് പറഞ്ഞില്ലെന്നും ഉർവശി ചോദിക്കുന്നു.



