മാണിക്യമലരായ പൂവി... ഒരു അഡാര്‍ ലൗവിലെ ഈ ഗാനം സോഷ്യല്‍ മീഡിയയിലുമെല്ലാം തകര്‍ത്തോടുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ പാടിയ ഗാനത്തിലെ പ്രിയ പി വാര്യരുടെ പുരികം പൊക്കിയുള്ള കുസൃതിച്ചിരിയും കണ്ണിറുക്കും പാട്ടിനെ ഇത്ര ഹിറ്റാക്കിയത്. പാട്ട് സീനിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത രസികൻ വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കീഴടക്കികഴിഞ്ഞു.

ഒറ്റ ദിവസം കൊണ്ട് പത്ത് ലക്ഷത്തിലധികം പേ‍ർ പാട്ട് കണ്ടപ്പോൾതന്നെ സകലരുടേയും കണ്ണുതള്ളിയിട്ടുണ്ടാകും. വെറും ഒരാഴ്ച കൊണ്ട് ആ റെക്കോഡ് പഴംകഥയായി. ഫേസ്ബുക്കിലും വാട്സാപ്പിലും ട്വിറ്ററിലുമൊക്കെയായി പാട്ടിന്‍റെ അലയൊലികൾ ഏറുന്നു. വീഡിയോയുടെ റീ എഡിറ്റഡ് സ്പൂഫുകളാണ് പുതിയ ട്രൻഡ്. പ്രിയ വാര്യരുടെ ചിരിയോടുള്ള മലയാള സിനിമയിലെ ചില പ്രശസ്ത കഥാപാത്രങ്ങളുടെ പ്രതികരണം ആണ് ചിരിക്ക് വകയാകുന്നത്. സരോജ് കുമാർ, ഭഗീരഥൻ പിള്ള, സാഗർ കോട്ടപ്പുറം അങ്ങനെ പലരേയും ട്രോളൻമാർ പ്രിയയുടെ ചിരിയോടൊപ്പം ചേർത്തുവയ്ക്കുന്നു. തീർന്നില്ല.. മിസ്റ്റർ ബീനും ട്രംപും രാഹുല്‍ ഗാന്ധിയും വരെ പ്രിയയുടെ ചിരിയില്‍ മയങ്ങുന്നുണ്ട്. 

ഗാനം പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളില്‍ സിനിമാ ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും വാട്സ് ആപ്പിലുമടക്കം പ്രിയയുടെ പുരികം ഉയര്‍ത്തുന്നതിന്‍റെ ചിരിക്കുന്നതിന്‍റെയും കണ്ണടയ്ക്കുന്നതിന്‍റെയും ചിത്രങ്ങള്‍ പ്രചരിക്കുകയായിരുന്നു. ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ പ്രിയ. 6.06 ലക്ഷം പേരാണ് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റ ദിനം കൊണ്ട് പിന്തുടര്‍ന്നത്.