സി.വി.സിനിയ
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പിന് വിരാമമായികൊണ്ട് ആദി ആവേശത്തോടെ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഹിറ്റ് മേക്കര്‍ ജീത്തു ജോസഫ് ഒരുക്കിയ ചിത്രം പ്രേക്ഷകന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന സിനിമയാണ്. ഒറ്റനോട്ടത്തില്‍ മികച്ച സിനിമയാണെന്ന് തന്നെ പറയാം. ബാലതാരമായി വെള്ളിത്തിരയിലെത്തിയ പ്രണവിന് നായക പട്ടം ചാര്‍ത്തിയപ്പോള്‍ ഒരു തുടക്കക്കാരാന്റെ പരിഭ്രമമൊന്നും ഇല്ലാതെ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അഭിനയ പ്രകടനമാണ് കാഴ്ച വച്ചത്.
മോഹന്‍ലാലിന്റെ പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയിലെ മിഴിയോരം എന്ന ഗാനം ആദി ആലപിക്കുന്നതാണ് സിനിമയുടെ തുടക്കം. വില്ലനായി ആ സിനിമയില്‍ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ച് 37 വര്‍ഷങ്ങള്‍ക്കിപ്പുറം മകനിലൂടെ ആ ഗാനത്തിന് പ്രേക്ഷകര്‍ വീണ്ടും സാക്ഷിയാവുകയാണ്.
വളരെ ലളിതമായ രീതിയിലാണ് സിനിമയുടെ തുടക്കം. ആദ്യ പകുതിയില്‍ പ്രണവ് മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും കഥയാണ് സംവിധായകന്‍ പറയുന്നത്. ഇതില്‍ മോഹന്‍ലാലും എത്തുന്നുവെന്നത് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഒരു മധുരമുള്ള കാര്യം തന്നെയാണ്.

സിനിമയുടെ ആദ്യ പകുതിയില്‍ മലയാളികള്‍ കേട്ട് മാത്രം പരിചയമുള്ള പ്രണവിന്റെ പാര്‍ക്കൗര്‍ പ്രകടനങ്ങള്‍ പ്രേക്ഷകന്‍ നന്നായി അനുഭവിക്കാന്‍ കഴിയുന്നത് രണ്ടാം പകുതിയിലാണ്. പാര്‍ക്കൗറിന്റെ മികവ് കാണിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ക്കൊണ്ട് സമ്പുഷ്ടമാണ് രണ്ടാം പകുതി. ഈ രംഗങ്ങളില്‍ പ്രണവിന്റെ മികച്ച ആക്ഷന്‍ രംഗങ്ങളുമാണ് പ്രേക്ഷകര്‍ക്കായി ജീത്തു ജോസഫ് സമ്മാനിക്കുന്നത്.
ഒരു സംഗീത സംവിധായകനാകണമെന്ന ലക്ഷ്യവുമായി ആദിത്യ മോഹന്‍ (പ്രണവ് മോഹന്‍ലാല്‍) എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് സംവിധായകന്‍ ജീത്തുജോസഫ് ചിത്രത്തിലൂടെ പറയുന്നത്. ഉള്ളിലുള്ള വലിയ മോഹവുമായി ആദി ബാംഗ്ലൂരില്‍ എത്തുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. ബാംഗ്ലൂരിലെ ഒരു ക്ലബിലെ പരിപാടിക്കിടെ ആദി തന്റെ പഴയ സുഹൃത്തിനെ കാണുന്നു. പിന്നീട് ആദിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്.
ജീത്തുജോസഫ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രണ്ടാം പകുതിയില്‍ വില്ലന്‍മാരുമായുള്ള ഏറ്റുമുട്ടല്‍ രംഗങ്ങള്‍ മികച്ച രീതിയാണ് ഒരുക്കിയിട്ടുള്ളത്. അവസാന രംഗങ്ങള്‍ അതിനാടകീയ രംഗങ്ങളിലൂടെയാണ് കടന്ന് പോകുന്നത്.

ഒരു തുടക്കക്കാരനെന്ന നിലയില്‍ മികച്ച അഭിനയപ്രകടനമാണ് പ്രണവ് കാഴ്ചവച്ചത്. അഭിനയം മാത്രമല്ല പ്രണവ് മോഹന്‍ലാല്‍ എഴുതി പാടിയ ഒരു ഗാനവും പ്രേക്ഷനെ രസിപ്പിക്കുന്നുണ്ട്.
ന്യൂജെന്‍ ചെറുപ്പക്കാര്‍ തമ്മിലുള്ള സുഹൃത്ത് ബന്ധവും അവരുടെ ജീവിത ശൈലിയൊക്കെ ജീത്തു ജോസഫ് ചിത്രത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.
എന്നും കോമഡി രംഗങ്ങളില്‍ മാത്രം കണ്ടിട്ടുള്ള നടന്‍ ഷറഫുദ്ദീന്‍ ഈ ചിത്രത്തിന്‍ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് മികവുറ്റതാക്കിയിട്ടുണ്ട്. അനുശ്രീയുടെ അഭിനയവും എടുത്ത് പറയേണ്ട ഒന്നു തന്നെയാണ്. സിദ്ദിഖ്, ലെന, സിജു വില്‍സണ്‍, കൃഷ്‍ണ ശങ്കര്‍, മേഘനാഥന്‍, ടോണി ലൂക്ക്,അദിതി രവി പുലിമുരുകനിലൂടെ വില്ലന്‍ വേഷമണിഞ്ഞ ജഗപതി ബാബു തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ്. ചടുലമായ രംഗങ്ങളും ചെയ്‌സിംഗ് രംഗങ്ങളും വളരെ മനോഹരമായ രീതിയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. സിനിമയുടെ പശ്ചാത്തല സംഗീതവും ഇണങ്ങുന്ന തരത്തില്‍ വളരെ മനോഹരമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. നജീം അര്‍ഷാദിന്റെ ഗാനവും നന്നായി തന്നെ പ്രേക്ഷകന് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്.
ആദി മികച്ച കാഴ്ചാനുഭവം തന്നെയാണ്. ആക്ഷന്‍ രംഗങ്ങളും പാര്‍ക്കൗര്‍ രംഗങ്ങളും ഒരു പ്രേക്ഷകന് മനസ്സിരുത്തി കാണാവുന്ന മികച്ച സിനിമ തന്നെയാണ് ആദി. പ്രേക്ഷകന് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്ന് ഉറപ്പ്.
