ഒരു ദിവസം 200ഓളം പേര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്‍ത് അജിത്ത്

ആരാധക സംഘടനയെ പിരിച്ചുവിട്ട നടനാണ് തമിഴകത്തിന്റെ തല അജിത്ത്. പക്ഷേ ആരാധകര്‍ ഒട്ടും കുറവല്ല അജിത്തിന്. കാരണം താരജാഡയില്ലാത്ത പെരുമാറ്റം തന്നെ. ആരാധകരോട് നേരിട്ട് സംവദിക്കാനും അജിത്ത് സമയം ചെലവിടാറുണ്ട്. ഫോട്ടോ എടുക്കാന്‍ എത്തുന്ന ആരാധകരെ നിരാശരാക്കാറുമില്ല. ഒരു ദിവസം 200ഓളം സെല്‍ഫിക്ക് അജിത്ത് പോസ് ചെയ്‍തെന്നാണ് സംഗീത സംവിധായകന്‍ തമന്‍ പറയുന്നത്.

അടുത്തിടെ ഒരു വിമാനയാത്രയില്‍ അജിത്തിനൊപ്പം തമനുമുണ്ടായിരുന്നു. ക്യാപ്റ്റന്‍ മുതല്‍ സഹയാത്രികര്‍ക്കൊപ്പം വരെ ഒട്ടും മടുപ്പ് കാട്ടാതെ അജിത് സെല്‍ഫിക്ക് പോസ്റ്റ് ചെയ്‍തെന്ന് തമന്‍ പറയുന്നു.

അതേസമയം അജിത്ത് നായകനാകുന്ന വിശ്വാസത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അജിത് ഒരു ഗാനം ആലപിക്കുന്നുമുണ്ട്. തമന്‍ സംഗീതം നിര്‍വഹിക്കുന്ന ഗാനമായിരിക്കും അജിത് പാടുക. നയന്‍താരയാണ് ചിത്രത്തിലെ നായിക. വീരം, വേതാളം എന്നിവയാണ് ശിവയും അജിത്തും നേരത്തെ ഒന്നിച്ച സിനിമകള്‍.