മുംബൈ: വീട്ടുകാര്‍ ഇറക്കിവിട്ട ബോളിവുഡ് താരം തെരുവില്‍ ജീവിക്കുന്നു. ബോളിവുഡ് നടി അലിസ ഖാന്‍റെ ജീവിതമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുന്നത്. ഗാസിയാബാദ് സ്വദേശിനിയായ അലിസയെ വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇറക്കിവിട്ടത്. അമ്മയും സഹോദരനും ചേര്‍ന്നാണ് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് അലിസ പറയുന്നു.
തന്‍റെ മുന്‍ കാമുകനെതിരെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്നും നടി പറഞ്ഞു. മുന്‍ കാമുകന്‍ തങ്ങളുടെ സ്വകാര്യ രംഗങ്ങള്‍ പകര്‍ത്തുകയും അത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അലിസ പറഞ്ഞു.
സ്വകാര്യ ദൃശ്യങ്ങളിലൊന്ന് ഇയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുംബൈ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ ദൃശ്യങ്ങള്‍ പിന്നീട് നീക്കം ചെയ്തത്. ഈ സംഭവങ്ങളെച്ചൊല്ലി അമ്മയുമായും സഹോദരനുമായുണ്ടായ തര്‍ക്കമാണ് തന്നെ പെരുവഴിയിലാക്കിയതെന്നും അലിസ പറഞ്ഞു.
വീട്ടുകാര്‍ പുറത്താക്കിയതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ വീടുകളിലും ക്ഷേത്രങ്ങളിലുമൊക്കെയാണ് അലിസ ചെലവഴിക്കുന്നത്. മൈ ഹസ്ബന്‍ഡ്‌സ് വൈഫ് എന്ന ചിത്രത്തിലൂടെയാണ് അലിസ ശ്രദ്ധേയയാകുന്നത്. ഇമ്രാന്‍ ഹാഷ്മിയുടെ ഇനിയും പുറത്തിറങ്ങാനിരിക്കുന്ന ഐന എന്ന ചിത്രത്തില്‍ നായികയാണ് അലിസ ഖാന്‍.
