നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയില്‍ പ്രതിഷേധ ഐക്യദാര്‍ഢ്യകൂട്ടായ്മ നടത്തി പിരിഞ്ഞുപോയവരാണ് സിനിമക്കാര്‍. നടി കൂടി അംഗമായ 'അമ്മ' എന്ന താരസംഘടനയ്‌ക്ക് മകള്‍ക്ക് നേരെ നടന്ന പീഢനം വേദനയായില്ല. എന്നാല്‍ ദിലീപിനോടുള്ള പുത്രസ്‌നേഹം ആവോളം പ്രകടിപ്പിക്കുകയും ചെയ്തു. കൊച്ചിയില്‍ നടന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിലും ജനറല്‍ ബോഡി യോഗത്തിലും സംഭവം ചര്‍ച്ചയായില്ല. വാര്‍ത്താസമ്മേളനത്തില്‍ ഇത് ചോദിച്ച മാധ്യമങ്ങള്‍ക്ക് നേരെ നടന്‍മാരുടെ ആക്രോശം. ജനപ്രതിനിധികള്‍ കൂടിയായ മുകേഷും ഗണേഷ്‌കുമാറും ആക്രോശത്തെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് ഉത്തരം മുട്ടുന്ന കാഴ്ചകളുമുണ്ടായി. മാധ്യമ ചോദ്യങ്ങളെ കൂവിത്തോല്‍പ്പിക്കുന്ന താരമാതൃകയും വാര്‍ത്താസമ്മേളനത്തില്‍ കണ്ടു. വാര്‍ത്താസമ്മേളനത്തില്‍ മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും മഹാമൗനത്തിലാണ്ടതും ചര്‍ച്ചയായി. ഇരയായ നടിയെയും ആരോപണ വിധേയനെയും അമ്മ മക്കളായി കണ്ട് സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് 'അമ്മ' സമ്മേളനം കൊടിയിറങ്ങിയത്. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ ഇന്നസെന്റ് മാധ്യമങ്ങളോട് മാപ്പ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred