നീതി വേണ്ടത് തനിക്കാണെന്ന് ആക്രമിക്കപ്പെട്ട നടിയോ സ്ത്രീസംഘടനയോ പറയണമായിരുന്നുവെന്ന് നടന്‍ മഹേഷ്

താര സംഘടനയായ അമ്മയില്‍ നിന്ന് നാല് വനിതകള്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മഹേഷ്. നീതി വേണ്ടത് തനിക്കാണെന്ന് ആക്രമിക്കപ്പെട്ട നടിക്കാണെന്ന് അവരോ സ്ത്രീ സംഘടനയോ പറയണമായിരുന്നുവെന്ന് മഹേഷ് ഏഷ്യനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പറഞ്ഞു.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ രണ്ടായിരത്തോളം സ്ത്രീകള്‍ ഉണ്ടായിരുന്നു. അവരോ സ്ത്രീസംഘടനയില്‍ ഉള്ളവരോ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ പറഞ്ഞില്ലെന്നായിരുന്നു മഹേഷിന്‍റെ വാദം.

അതേസമയം, അമ്മ സംഘടനയിൽ നിന്ന് രാജിവച്ച ഭാവന, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നീവരെ പിന്‍തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. നടിമാരുടെ രാജി ധീരമായ നടപടിയെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു‍. എന്നാൽ അമ്മയുടെ ഭാരവാഹികൾ രാജിയോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. രാജിവെച്ച നടിമാർക്ക് പിന്തുണയുമായി കൂടുതൽ പേർ രംഗത്തു വരുമോയെന്നാണ് അമ്മ ഉറ്റുനോക്കുന്നത്.