ഇമ്രാന്‍ ഹാഷ്മി നായകനാവുന്ന 'അസ്ഹറി'മായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബോളിവുഡില്‍ കൊഴുക്കുകയാണ്. അടുത്തിടെയാണ് ചിത്രം പ്രതിവാദിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ മുന്‍ ഭാര്യ സംഗീത ബിജ്‌ലാനി നിയമനടപടിക്കൊരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
എട്ട് വര്‍ഷം ഒരുമിച്ച് ജീവിച്ച ഭാര്യയുമായുള്ള ബന്ധം പിരിഞ്ഞാണ് അസ്ഹര്‍ മുന്‍ മിസ് ഇന്ത്യയും നടിയുമായ സംഗീതയെ വിവാഹം കഴിച്ചത്. എന്നാല്‍ 2010ല്‍ അസ്ഹറും സംഗീതയും വിവാഹബന്ധം വേര്‍പെടുത്തി. ശേഷം ഇരുവരും തമ്മില്‍ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ഇപ്പോള്‍ ഇമ്രാന്‍ ഹാഷ്മി നായകനാവുന്ന 'അസ്ഹറി'ല്‍ തന്നെ എങ്ങനെയാവും അവതരിപ്പിക്കുക എന്ന ആശങ്കയില്‍ സംഗീത അസ്ഹറിനെ നേരിട്ട് വിളിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നര്‍ഗീസ് ഫക്രിയാണ് ചിത്രത്തില്‍ സംഗീത ബിജ്‌ലാനിയെ അവതരിപ്പിക്കുന്നത്. ജീവിതം സിനിമയാക്കാനുള്ള അവകാശം നല്‍കുമ്പോള്‍ അസ്ഹറുദ്ദീന്‍ ചില നിബന്ധനകള്‍ മുന്നോട്ടുവച്ചിരുന്നു. തന്റെ ജീവിതത്തിലെ ചില ഭാഗങ്ങള്‍ അതില്‍ ഉണ്ടാവരുതെന്നായിരുന്നു അത്.
പക്ഷേ നര്‍ഗീസ് ഫക്രി അവതരിപ്പിക്കുന്ന തന്‍റെ കഥാപാത്രം അല്‍പം നെഗറ്റീവ് ഷെയ്ഡ് ഉള്ളതായിരിക്കുമെന്നാണ് സംഗീത കരുതുന്നത്. അസ്ഹറിനെ ഫോണില്‍ വിളിച്ച സംഗീത തന്റെ ആശങ്ക അറിയിച്ചു. എന്നാല്‍ ചിത്രം താനും ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു അസ്ഹറുദ്ദീന്‍റെ മറുപടി.
ടോണി ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിക്ക് പുറമേ പ്രാചി ദേശായ്, ലാറ ദത്ത എന്നിവരുമുണ്ട്.
