കപില്‍ ശര്‍മ്മ വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. അജയ് ദേവ്ഗണ്‍ പങ്കെടുക്കേണ്ട കപില്‍ ശര്‍മ്മ ഷോ തീര്‍ത്തും പ്രൊഫഷണല്‍ അല്ലാത്ത കാരണം കൊണ്ട് റദ്ദാക്കേണ്ടി വന്നതാണ് വാര്‍ത്തയാകുന്നത്.

അജയ് ദേവ്ഗണ്‍ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് കപില്‍ ശര്‍മ്മ ഷോയ്‍ക്ക് എത്തിയത്. അജയ് ദേവ്ഗണിനൊപ്പം ഇമ്രാന്‍ ഹാഷ്‍മി, ഇഷാ ഗുപ്ത, ഇല്യാന ഡിക്യൂസ തുടങ്ങിയവരും ഷോയ്‍ക്ക് എത്തിയിരുന്നു. ഷൂട്ടിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയും ചെയ്‍തു. എന്നാല്‍ അവതാരകനായ കപില്‍ ശര്‍മ്മ എത്തിയില്ല. ക്രൂ അംഗങ്ങള്‍ ഫോണ്‍ ചെയ്തെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. രോഷാകുലനായ അജയ് ദേവ്ഗണും സംഘവും മടങ്ങുകയും ചെയ്‍തു.

എന്നാല്‍ അസുഖബാധിതനായതിനാലാണ് കപില്‍ ശര്‍മ്മ ഷൂട്ടിനെത്താതിരുന്നത് എന്ന് പിന്നീട് അജയ് ദേവ്ഗണിനെ ടീം അംഗങ്ങള്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.