ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. മോഹൻലാലിന്റെ കഠിനാധ്വാനത്തിനും കലയോടുള്ള സമർപ്പണത്തിനും ലഭിച്ച അംഗീകാരമാണിതെന്നും, ഈ നേട്ടത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നും ആന്‍റണി.
ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് മോഹൻലാലും മലയാളികളും. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ വിളങ്ങി നിൽക്കുന്ന മോഹൻലാൽ എന്ന അതുല്യ നടൻ രാഷ്ട്രപതിയിൽ നിന്നും ഫാൽക്കെ അവാർഡ് വാങ്ങിയപ്പോൾ ഓരോ മലയാളികളുടെ മനസും അഭിമാനപൂരിതമായി മാറിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂർ പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഫാൽക്കെ അവാർഡ് കഴുത്തിലണിഞ്ഞ് നിൽക്കുന്ന മോഹൻലാലിനൊപ്പമുള്ള ഫോട്ടോയും ആന്റണി പങ്കുവച്ചിട്ടുണ്ട്.
'വാക്കുകൾക്ക് അതീതമായ നിമിഷം. ലാൽ സാറിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിക്കുന്നത്, എൻ്റെ കൺമുന്നിൽ ഒരു സ്വപ്നം വികസിക്കുന്നത് പോലെയാണ്. ഒരു ആരാധകൻ എന്ന നിലയിൽ നിന്ന്, ഈ സിനിമാ യാത്രയിൽ അദ്ദേഹത്തിൻ്റെ അരികിലൂടെ നടക്കുന്നതുവരെ, അദ്ദേഹത്തിൻ്റെ കഠിനാധ്വാനവും വിനയവും കലയോടുള്ള സ്നേഹവും ദിവസവും കണ്ടൊരാളാണ് ഞാൻ. ഈ ബഹുമതി വെറുമൊരു അവാർഡ് മാത്രമല്ല, സിനിമയ്ക്കും അദ്ദേഹത്തെ ആരാധിക്കുന്ന ജനലക്ഷങ്ങളുടെ ഹൃദയത്തിനും വേണ്ടി സമർപ്പിച്ച ജീവിതത്തിൻ്റെ കഥയാണ്. പ്രിയപ്പെട്ട ലാൽ സാർ..വളരെയധികം അഭിമാനിക്കുന്നു. നന്ദിയുള്ളവനും അനുഗ്രഹീതനുമാണ്. ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ എക്കാലത്തെയും അഭിമാനം', എന്നാണ് ആന്റണി പെരുമ്പാവൂർ കുറിച്ചത്. പിന്നാലെ ഒട്ടനവധി പേരാണ് മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്‍റിട്ടത്.
ദില്ലിയിലെ വിഗ്യാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് ഫാല്‍കെ പുരസ്കാരം മോഹന്‍ലാലിന് സമ്മാനിച്ചത്. ഭാര്യ സുചിത്രയും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. അതേസമയം, ഹൃദയപൂര്‍വ്വം എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.



