ബാഹുബലി 2 വിലെ മിന്നുന്ന പ്രകടനത്തിലൂടെ പ്രേക്ഷകരുടെയും ഒപ്പം മാധ്യമങ്ങളുടെയും ഇഷ്ടതാര ജോഡികളായി മാറിയിരിക്കുകയാണ് പ്രഭാസും അനുഷ്ക ഷെട്ടിയും. ഇരുവരും പ്രണയത്തിലാണെന്ന വാർത്തയും ഇതിനിടെ പരക്കുന്നുണ്ട്. എന്നാൽ ഇരു താരങ്ങളും ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിനേക്കാള്‍ വലിയ കടങ്കഥയായി മാറിയിട്ടുണ്ട് പ്രഭാസും നായിക അനുഷ്‌ക്കയും തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദ്യം.  ഇപ്പോൾ അനുഷ്ക ഒരു ചാനലിന് നൽകിയ അഭിമുഖ വീഡിയോ വൈറലാകുകയാണ്. കാരണം ഈ ചോദ്യങ്ങള്‍ക്ക് ബലം പകരുന്നതാണ് അഭിമുഖത്തിലെ അനുഷ്ടകയുടെ മറുപടികള്‍.

ബാഹുബലിയിലെ നായകന്‍ പ്രഭാസാണോ വില്ലന്‍ റാണയാണോ കൂടുതൽ സെക്സിയെന്ന അവതാരകയുടെ ചോദ്യത്തിന് പ്രഭാസെന്ന ഉത്തരം നൽകി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അനുഷ്ക. റാണ തന്നെ ബ്രദർ എന്നാണ് വിളിക്കുന്നതെന്നും താനും അങ്ങനെ ബ്രദറെന്നാണ് തിരിച്ചു വിളിക്കാറെന്നും അനുഷ്ക പറയുന്നു. ബില്ല, മിര്‍ച്ചി തുടങ്ങിയവ ഇരുവരുടെയും ഹിറ്റ് ചിത്രങ്ങളാണ്. അനുഷ്‌ക്ക നേരത്തേ രുദ്രമ്മാദേവിയില്‍ റാണയ്ക്കൊപ്പം അഭിനയിച്ചിരുന്നു. ബാഹുബലിയില്‍ ആദ്യ ഭാഗത്ത് മഹേന്ദ്ര ബാഹുബലിയുടെ അമ്മയായി എത്തുന്ന അനുഷ്‌ക്ക കണ്‍ക്ലൂഷനില്‍ അമരേന്ദ്ര ബാഹുബലിയുടെ നായികയായിട്ടാണ് എത്തുന്നത്.

അമരേന്ദ്ര ബാഹുബലിയുടെ നായികയായും മഹേന്ദ്രബാഹുബലി യുടെ മാതാവായും അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും എന്നാല്‍ രാജമൗലിക്ക് വേണ്ടി ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നെന്നും താരം പറയുന്നു.

ബാഹുബലിയുടെ ഷൂട്ടിങ് സമയത്ത് 6000 വിവാഹാലോചനകൾ പ്രഭാസ് വേണ്ടെന്നു വച്ചിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഗോസിപ്പ് വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നാരോപിച്ച് അനുഷ്ക തന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. എന്തായാലും പുതിയ അഭിമുഖത്തോടെ ആരാധകരുടെ ആകാംഷ വർധിച്ചിരിക്കുന്നു. പ്രഭാസിന് വധുവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് വീട്ടുകാർ. അത് അനുഷ്കയിലെത്തുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.