ശക്തമായ സ്‌ത്രീ കഥാപാത്രവുമായി എത്തുന്ന നയന്‍താരയുടെ ആറം എന്ന സിനിമയ്‌ക്ക് ഗംഭീര വരവേല്‍പ്പാണ് തമിഴകം നല്‍കിയത്. മികച്ച സിനിമ എന്ന അഭിപ്രായവുമായി ആദ്യ ഷോകള്‍ പൂര്‍ത്തിയായ സിനിമയെ കാത്ത് വൈകാതെ എത്തിയത് അശുഭവാര്‍ത്തകളാണ്. സിനിമ റിലീസായി 12 മണിക്കൂറിനുള്ളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പ്രചരിച്ചു. ടോറന്റ് സൈറ്റുകളിലൂടെയാണ് നയന്‍താരയുടെ പുതിയ സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത്. ഗോപി നൈനാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് നയന്‍താര നടത്തിയിരിക്കുന്നത്. തമിഴ്‌നാടിന്റെ സമകാലീന രാഷ്‌ട്രീയസംഭവവികാസങ്ങളാണ് ആറം പറയുന്നത്. തമിഴ്‌-മലയാളം സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് കുപ്രസിദ്ധി നേടിയിട്ടുള്ള തമിഴ്‌ റോക്കേഴ്‌സാണ് ആറം എന്ന സിനിമയുടെയും വ്യാജന്‍ ഇറക്കിയിരിക്കുന്നത്. തിയറ്ററില്‍നിന്ന് റെക്കോര്‍ഡ് ചെയ്തതെങ്കിലും നല്ല നിലവാരമുള്ള പ്രിന്റുകളാണ് ഓണ്‍ലൈനിലൂടെ പ്രചരിക്കുന്നത്. നേരത്തെ വിജയ്‌ അഭിനയിച്ച മെര്‍സല്‍, അജിത്തിന്റെ വിവേഗം എന്നീ സിനിമകളുടെയും വ്യാജന്‍ ഓണ്‍ലൈനിലൂടെ പ്രചരിച്ചിരുന്നു. ഏതായാലും ആറം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമയുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദേശത്തുനിന്നാണ് ചിത്രം അപ്‌ലോഡ് ചെയ്തതെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.