'കുറച്ച് സിനിമക്കാര്‍ക്കെങ്കിലും ഞാന്‍ ശത്രുവാകുമെന്ന് ഉറപ്പുണ്ട്'
ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം മോഹന്ലാല് അവതാരകനാവുന്ന ബിഗ് ബോസ് മലയാളത്തിന്റെ സംപ്രേഷണം ഏഷ്യാനെറ്റില് ഞായറാഴ്ച ആരംഭിച്ചു. ഉദ്ഘാടന എപ്പിസോഡ് ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ചെങ്കില് ഇന്നത്തെ എപ്പിസോഡ് രാത്രി 9.30നാണ്. പതിനാറ് മത്സരാര്ഥികളില് ഒരാള് ഗായകനും നടനുമായി അരിസ്റ്റോ സുരേഷ് ആണ്. ബിഗ് ബോസിലെ തന്റെ പങ്കാളിത്തത്തെക്കുറിച്ച് പറയുകയാണ് അരിസ്റ്റോ സുരേഷ്. ബിഗ് ബോസില് പങ്കെടുക്കുന്നതിനാല് ചില സിനിമകള് തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാല് ഷോയിലെ പങ്കാളിത്തം ഗുണമേ ചെയ്യൂവെന്നും കരുതുന്നതായി സുരേഷ് പറയുന്നു. ഒപ്പം ബിഗ് ബോസ് ഹൗസില് കഴിയേണ്ടിവരുന്ന 100 ദിവസങ്ങളില് തനിക്ക് ഒഴിവാക്കേണ്ടിവരുന്നത് എന്തൊക്കെ കാര്യങ്ങളെന്നും..
അരിസ്റ്റോ സുരേഷ് പറയുന്നു
ഇനിയുള്ള 100 ദിവസങ്ങള് ഫോണ്, പത്രം, ടിവി ഇതൊന്നും ഉപയോഗിക്കാന് പറ്റില്ലെന്നാണ് പറയുന്നത്. പുതിയ കാര്യങ്ങളും പുതിയ കൂട്ടുകാരുമൊക്കെയാണ് വരുന്ന 100 ദിവസങ്ങളില് കാത്തിരിക്കുന്നത്. പ്രധാനമായി നഷ്ടപ്പെടുന്നത് ചില സിനിമകളാണ്. പക്ഷേ ആ സിനിമകള്ക്കൊക്കെ മുന്പേ ചെയ്യാമെന്നേറ്റതാണ് ഈ ഷോ. മദ്യമടക്കം ഒരുപാട് കാര്യങ്ങള് കുറേദിവസത്തേക്ക് നഷ്ടപ്പെടുമെന്ന് കരുതുന്നു. വായനയും എഴുത്തുമൊക്കെ അക്കൂട്ടത്തില്പ്പെടും. കുറച്ച് നിരാശയൊക്കെയുണ്ടെങ്കിലും എന്താണ് ബിഗ് ബോസ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഞാനിപ്പോള്. പേരും പെരുമയുമൊക്കെ കിട്ടുമെന്ന് ഉറപ്പുണ്ട്. എങ്കിലും കുറച്ച് സിനിമക്കാര്ക്കെങ്കിലും ഞാന് ശത്രുവാകുമെന്ന് ഉറപ്പുണ്ട്. കാരണം അടുത്തിടെ വിളിച്ച സിനിമക്കാരോടൊക്കെ ബിഗ് ബോസിന്റെ കാര്യമാണ് പറഞ്ഞത്.
ബിഗ് ബോസ് ഹൗസില് 100 ദിവസം ക്യാമറകളുടെ മുന്നിലാണല്ലോ ജീവിക്കേണ്ടത് എന്നൊന്നും ഞാന് ആലോചിക്കുന്നില്ല. സാധാരണ റോഡിലൂടെ നടക്കുമ്പോള് നമ്മളെ എത്രയോപേര് കാണുന്നും ശ്രദ്ധിക്കുന്നുമുണ്ട്. അതുപോലെ കുറച്ചുപേര് നമ്മളെ ശ്രദ്ധിക്കുന്നതായേ എനിക്ക് തോന്നുന്നുള്ളൂ. എവിടെ ആയിരുന്നാലും മാന്യമായിട്ടാണ് പെരുമാറുന്നത്. മാന്യത വിട്ട് പെരുമാറുന്നവര്ക്കാണ് ക്യാമറയെ ഭയക്കേണ്ടത്. കിട്ടിയിട്ടുള്ള സംസ്കാരം വിട്ടുള്ള ഒരു പ്രവര്ത്തിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. ക്യാമറകള് ഉള്ളത് എനിക്കൊരു പ്രശ്നമേയല്ല.
