ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് ഇരുപത്തിയേഴ് എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. മൂന്നുപേര്‍ പുറത്താവുകയും ഒരാള്‍ പുതുതായി വരുകയും ചെയ്തു. ഡേവിഡ് ജോണ്‍, ഹിമ ശങ്കര്‍ എന്നിവര്‍ എലിമിനേഷനിലൂടെ പുറത്തായെങ്കില്‍ മനോജ് വര്‍മ്മ ആരോഗ്യപരമായ കാരണങ്ങളാല്‍ പുറത്ത് പോവുകയായിരുന്നു. ഷോയുടെ നാലിനൊന്ന് ദിനങ്ങള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ ചിലര്‍ക്ക് പുറത്തുപോകണമെന്നാണ്. മറ്റുചിലര്‍ക്ക് വിജയിച്ച് കയറണമെന്നും. 100 ദിനങ്ങള്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുക ഏത് മത്സരാര്‍ഥികള്‍ക്കും ബുദ്ധിമുട്ടാണെങ്കിലും ചിലര്‍ അത് കൂടുതല്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതിലൊരാളാണ് അരിസ്റ്റോ സുരേഷ്. കഴിഞ്ഞ വാരത്തെ എലിമിനേഷന്‍ എപ്പിസോഡില്‍ അരിസ്റ്റോ സുരേഷ് അവതാരകനായ മോഹന്‍ലാലിനോട് തന്നെ അക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചത്തെ എപ്പിസോഡില്‍ തനിക്ക് മാനസികപ്രയാസമുണ്ടാക്കുന്ന കാര്യത്തക്കുറിച്ച് അരിസ്റ്റോ സുരേഷ് പേളി മാണിയോട് വീണ്ടും പറഞ്ഞു.

ഇനിയും പിന്നിടാനുള്ള ദിനങ്ങളല്ല തന്നെ മാനസികപ്രയാസത്തിലാക്കുന്നതെന്നാണ് അരിസ്റ്റോ സുരേഷ് ഇപ്പോള്‍ പറയുന്നത്. മറിച്ച് താന്‍ കാരണം പുറത്ത് ചിലര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടാവാം എന്ന ചിന്തയാണ് തനിക്ക് പ്രയാസമുണ്ടാക്കുന്നതെന്നും അല്ലെങ്കില്‍ താന്‍ ഷോയില്‍ രസകരമായി പങ്കെടുത്തേനേ എന്നും സുരേഷ് പേളി മാണിയോട് പറഞ്ഞു. 

ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനാല്‍ തനിക്ക് ചില സിനിമാ അവസരങ്ങള്‍ നഷ്ടപ്പെടുത്തേണ്ടിവന്നിരുന്നെന്ന് അരിസ്റ്റോ സുരേഷ് നേരത്തേ പറഞ്ഞിരുന്നു. ഗാനരചനയ്‍ക്കായി വാങ്ങിയ അഡ്വാന്‍സ് തനിക്ക് തിരിച്ചുകൊടുക്കേണ്ടതുണ്ടെന്നും ബിഗ് ബോസില്‍ പങ്കെടുക്കുന്നതിലൂടെ കുറച്ച് സിനിമക്കാരെയെങ്കിലും താന്‍ ശത്രുക്കളാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

ബിഗ് ബോസ് ആദ്യ എപ്പിസോഡിന് മുന്‍പ് അരിസ്റ്റോ സുരേഷ് പറഞ്ഞത്

ഇനിയുള്ള 100 ദിവസങ്ങള്‍ ഫോണ്‍, പത്രം, ടിവി ഇതൊന്നും ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് പറയുന്നത്. പുതിയ കാര്യങ്ങളും പുതിയ കൂട്ടുകാരുമൊക്കെയാണ് വരുന്ന 100 ദിവസങ്ങളില്‍ കാത്തിരിക്കുന്നത്. പ്രധാനമായി നഷ്ടപ്പെടുന്നത് ചില സിനിമകളാണ്. പക്ഷേ ആ സിനിമകള്‍ക്കൊക്കെ മുന്‍പേ ചെയ്യാമെന്നേറ്റതാണ് ഈ ഷോ. മദ്യമടക്കം ഒരുപാട് കാര്യങ്ങള്‍ കുറേദിവസത്തേക്ക് നഷ്ടപ്പെടുമെന്ന് കരുതുന്നു. വായനയും എഴുത്തുമൊക്കെ അക്കൂട്ടത്തില്‍പ്പെടും. കുറച്ച് നിരാശയൊക്കെയുണ്ടെങ്കിലും എന്താണ് ബിഗ് ബോസ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഞാനിപ്പോള്‍. പേരും പെരുമയുമൊക്കെ കിട്ടുമെന്ന് ഉറപ്പുണ്ട്. എങ്കിലും കുറച്ച് സിനിമക്കാര്‍ക്കെങ്കിലും ഞാന്‍ ശത്രുവാകുമെന്ന് ഉറപ്പുണ്ട്. കാരണം അടുത്തിടെ വിളിച്ച സിനിമക്കാരോടൊക്കെ ബിഗ് ബോസിന്‍റെ കാര്യമാണ് പറഞ്ഞത്. 

ബിഗ് ബോസ് ഹൗസില്‍ 100 ദിവസം ക്യാമറകളുടെ മുന്നിലാണല്ലോ ജീവിക്കേണ്ടത് എന്നൊന്നും ഞാന്‍ ആലോചിക്കുന്നില്ല. സാധാരണ റോഡിലൂടെ നടക്കുമ്പോള്‍ നമ്മളെ എത്രയോപേര്‍ കാണുന്നും ശ്രദ്ധിക്കുന്നുമുണ്ട്. അതുപോലെ കുറച്ചുപേര്‍ നമ്മളെ ശ്രദ്ധിക്കുന്നതായേ എനിക്ക് തോന്നുന്നുള്ളൂ. എവിടെ ആയിരുന്നാലും മാന്യമായിട്ടാണ് പെരുമാറുന്നത്. മാന്യത വിട്ട് പെരുമാറുന്നവര്‍ക്കാണ് ക്യാമറയെ ഭയക്കേണ്ടത്. കിട്ടിയിട്ടുള്ള സംസ്കാരം വിട്ടുള്ള ഒരു പ്രവര്‍ത്തിയും എന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. ക്യാമറകള്‍ ഉള്ളത് എനിക്കൊരു പ്രശ്നമേയല്ല.