കൊച്ചി: ഓണം സീസണില്‍ മികച്ച ചിത്രങ്ങളുമായി ഏഷ്യാനെറ്റ്. ഇത്തവണ ഓഗസ്റ്റ് 20 മുതല്‍ ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളുമായി പ്രേക്ഷകരിലെത്തുകയാണ് ഏഷ്യാനെറ്റ്. കേരളത്തില്‍ നിന്ന് 70 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി നൂറാം ദിവസത്തിലേക്ക് കുതിക്കുന്ന ബാഹുബലി രണ്ടാം ഭാഗം ഓണദിനങ്ങളില്‍ ചാനല്‍ സംപ്രേഷണം ചെയ്യും.

 ഓഗസ്റ്റ് 20ന് പാര്‍വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ടേക്ക് ഓഫ് പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം തിയറ്ററുകളില്‍ കയ്യടി നേടിയ സിനിമകളിലൊന്നാണ് ടേക്ക് ഓഫ്. മറ്റൊരു ഹിറ്റ് ചിത്രമായ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രവും പ്രീ ഓണം പാക്കേജിലുണ്ടാകും.

ഒന്നാം ഓണം മുതല്‍ നാലാം ഓണം വരെയുള്ള പാക്കേജുകളില്‍ തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം റെമോ ഉണ്ട്. ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഒരു മെക്‌സിക്കന്‍ അപാരത, അച്ചായന്‍സ്, പുത്തന്‍ പണം, സഖാവ്, കെയര്‍ ഓഫ് സൈറാബാനു എന്നീ സിനിമകളാണ് ഓണനാളുകളില്‍ ഏഷ്യാനെറ്റില്‍ ഉണ്ടാവുക.

എന്ന് നിന്‍റെ മൊയ്തീന്‍, വെള്ളിമൂങ്ങ, പുലിമുരുകന്‍ എന്നീ സിനിമകളുടെ പുനസംപ്രേഷണവും ഓണം സീസണില്‍ ഏഷ്യാനെറ്റിലുണ്ടാകും. ചലച്ചിത്രലോകവും സീരിയല്‍ മേഖലയും അണിനിരന്ന ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡിന്‍റെ സംപ്രേഷണവും ഈ ദിവസങ്ങളില്‍ ഉണ്ടാകും.