കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തടവിലായ ദിലീപും, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരും തമ്മിലുള്ള ആദ്യ നേര്‍ക്കുനേര്‍ പോരാട്ടം മലയാള ബോക്സ് ഓഫീസില്‍ നടക്കുമെന്ന് സൂചന. സെപ്റ്റംബര്‍ 28-ാം തീയതി തന്നെ തീയറ്ററില്‍ മഞ്ജു വാര്യരുടെ ഉദാഹരണം സുജാത, ദിലീപിന്‍റെ രാമലീല എന്നിവ എത്തുമെന്നാണ് സിനിമ വൃത്തങ്ങളിലെ സൂചന.
വിവാഹത്തിന് മുന്‍പോ വേര്‍പിരിയല്‍ കഴിഞ്ഞോ ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം എന്നത് ആരാധകരെയും ആകാംഷയിലാക്കി. ന വാഗതനാ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. സുജാത എന്ന കേന്ദ്ര കഥാപാത്രമായി മഞ്ജു.
കോളനിയില്‍ ജീവിക്കുന്ന മഞ്ജു വാര്യര്‍ തികച്ചും വ്യത്യസ്തവും വിശ്വസനീയവുമായ രൂപ മാറ്റമാണ് സുജാതയ്ക്കായി നടത്തിയിരിക്കുന്നത്. പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞു. ചിത്രം 28-ാം തിയതി തീയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ജൂലൈയില്‍ റിലീസിനൊരുങ്ങിയിരുന്ന ചിത്രമാണ് രാമലീല. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ റിലീസ് വൈകി. നടന് ജാമ്യം കിട്ടിയ ശേഷം റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും മൂന്നു തവണ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനിയും റിലീസ് വൈകിക്കേണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചത് രാമലീലയുടെ അണിയറ പ്രവര്‍ത്തകരാണ് അതിന് പിന്നാലെയാണ് ഉദാഹരണം സുജാതയുടെ തീയതി പ്രഖ്യാപിച്ചത്.
