നടി അയേഷാ ടാക്കിയയുടെ ഭര്‍ത്താവും സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മിയുടെ മകനുമായ ഫര്‍ഹാന്‍ അസ്മിക്ക് ഹിന്ദു സംഘടനകളുടെ വധഭീഷണി. ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാണ് ഫര്‍ഹാന്‍ അസ്മിക്ക് വധഭീഷണി. ഇതുസംബന്ധിച്ച് ഫര്‍ഹാന്‍ അസ്മി മുംബൈ പൊലീസിന് പരാതി നല്‍കി.

ലവ് ജിഹാദിനായി ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ച നീയെല്ലാം മൃഗങ്ങളാണെന്ന് ഭീഷണി മുഴക്കിയയാള്‍ പറഞ്ഞെന്നാണ് ഫര്‍ഹാന്‍ അസ്മിയുടെ പരാതിയില്‍ പറയുന്നത്. രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസേനയുടെ ആളെന്ന് പരിചയപ്പെടുത്തിയയാളാണ് ഭീഷണി മുഴക്കിയത്. ഫര്‍ഹാനെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഭീഷണി.

അയേഷാ ടാക്കിയ 2009ലാണ് ഫര്‍ഹാന്‍ അസ്മിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മിഖായേല്‍ എന്ന പേരുള്ള ഒരു മകനുണ്ട്.