ചെന്നൈ: ചരിത്രവിജയം നേടി ബാഹുബലി-2 തീയറ്ററുകളില്‍ ജൈത്രയാത്ര തുടരുമ്പോള്‍, ചിത്രത്തിന്റെ തുടര്‍ച്ചയെപ്പറ്റിയാണ് പുതിയ അഭ്യൂഹങ്ങള്‍ ഉടലെടുക്കുന്നത്. ഇനിയൊരു ബാഹുബലി-3 ഉണ്ടാകുമോ? അഞ്ച് വര്‍ഷത്തോളം നീണ്ട ബാഹുബലി കാലത്തിന് അന്ത്യമായെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചെങ്കിലും ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇനിയൊരു ബാഹുബലി കൂടി തീയറ്ററുകളില്‍ തംരഗമാകാനെത്തുമെന്ന സൂചന നല്‍കുന്നവയാണ്.

ശക്തമായൊരു കഥയുണ്ടായാല്‍ ബാഹുബലിക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് എസ്.എസ് രാജമൗലിയെ ഉദ്ധരിച്ച് ഇന്ത്യാ റ്റുടേയാണ് റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്. ബാഹുബലി-3നെപ്പറ്റിയുള്ള ചോദ്യങ്ങളോട് ഒരു അഭിമുഖത്തില്‍ പ്രതികരിക്കവെയാണ് രാജമൗലി ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന് വിപണിയുണ്ടെന്നത് ശരിയാണ്. എന്നാല്‍ ശക്തമായ കഥയില്ലാതെ വിപണിക്ക് വേണ്ടി ചിത്രം ചെയ്യുന്നത് ആത്മാര്‍ത്ഥമായ സിനിമാ നിര്‍മ്മാണമാവില്ല. എന്നാല്‍ മുമ്പുണ്ടായത് പോലെ തന്റെ പിതാവ് ശക്തമായ ഒരു കഥയുമായി രംഗത്തെത്തിയാല്‍ അതും സിനിമയാകുമെന്ന് ഉറപ്പ്-രാജമൗലി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് മാത്രം 383 കോടിയാണ് ബാഹുബലി-2 സ്വന്തമാക്കിയ്ത്. ആകെ കളക്ഷന്‍ 860 കോടിയോളവും. ആമിര്‍ ഖാന്റെ പി.കെ നേടിയ 792 കോടിയുടെ റെക്കോര്‍ഡും തകര്‍ത്താണ് ബാഹുബലി-2ന്റെ മുന്നേറ്റം. 

ബാഹുബലിയെ കൊന്നത് താനാണെന്നുള്ള കട്ടപ്പയുടെ വെളിപ്പെടുത്തലോടെയാണ് ബാഹുബലിയുടെ ഒന്നാം ഭാഗം അവസാനിച്ചതെങ്കില്‍ അന്നുമുതല്‍ പ്രേക്ഷക മനസ്സുകളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കാണ് ബാഹുബലി-2 ഉത്തരം നല്‍കിയത്. നിഗൂഢതകളില്ലാതെ അവസാനിക്കുന്ന ബാഹുബലി-2ന് ശേഷം ഇനിയെന്തായിരിക്കും രാജമൗലി ഒരുക്കിവെയ്ക്കുകയെന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികള്‍.