അടിമാലി: തർക്കത്തിനിടെ നടൻ ബാബുരാജിന് വെട്ടേറ്റ സംഭവം ഇന്നലെ മലയാള മാധ്യമങ്ങളിലെ പ്രധാനവാര്‍ത്തയായിരുന്നു. കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തു. അടിമാലി ഇരുട്ടുകാനം രണ്ടാംമൈൽ തറമുട്ടത്ത് സണ്ണിയെയാണ് അടിമാലി പോലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ കല്ലാറിനുസമീപം ഇരുട്ടുകാനത്ത് ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോർട്ടിലായിരുന്നു സംഭവം. അയൽവാസിയായ തറമുട്ടത്ത് സണ്ണി വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. കൈയ്ക്കും നെഞ്ചിനും വെട്ടേറ്റ ബാബുരാജിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചു. കിണര്‍ വൃത്തിയാക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത് എന്നാണ് പുറത്തുവന്ന വാര്‍ത്ത എന്നാല്‍ അത് ശരിയല്ലെന്നാണ് ബാബുരാജ് പറയുന്നത്.
ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമൊന്നും നടന്നില്ലെന്ന ബാബുരാജ് പറയുന്നത്.വെള്ളം കുറഞ്ഞപ്പോൾ മോട്ടർ ഇറക്കി വയ്ക്കാനും കുളം വൃത്തിയാക്കാനും എത്തിയതായിരുന്നു താന്‍ റിസോര്‍ട്ടില്‍. കുളം വൃത്തിയാക്കി കരിങ്കല്ലുകൊണ്ട് കെട്ടുകയും ചെയ്തു. ഇദ്ദേഹം പ്രശ്നമുണ്ടാക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് മൂന്നാർ ട്രിബ്യൂണൽ കോടതിയിൽ നിന്നും ഇൻജങ്ഷൻ ഓർഡറുമായാണ് ഞാൻ ചെന്നത്. അല്ലാതെ കയ്യേറിയതല്ല. കോടതി ഉത്തരവുമായാണ് കുളം വൃത്തിയാക്കാൻ വന്നിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടിരിക്കെ അദ്ദേഹം ഒരു സംസാരമോ പ്രകോപനമോ ഇല്ലാതെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നുവെന്ന് ബാബുരാജ് പറയുന്നു.
പ്രസ്തുതസ്ഥലം മൂന്നുവര്‍ഷം മുന്‍പ് വിലയ്ക്ക് വാങ്ങിയതാണെന്നും, പക്ഷെ അതിന്‍റെ ഉടമസ്ഥ തര്‍ക്കം ഉള്ളതിനാല്‍ റജിസ്ട്രേഷന്‍ നടത്താന്‍ സാധിച്ചില്ലെന്നും ബാബുരാജ് പറയുന്നു. വെട്ടിയാളുടെ മകളുടെ കല്യാണത്തിനു വേണ്ടിയാണ് ഭൂമി വിൽക്കുന്നതെന്നൊക്കെ പറഞ്ഞപ്പോൾ അയാളിൽ നിന്നാണ് ഭൂമി വാങ്ങിയത്. കൊടുത്ത പൈസകൊണ്ട് അദ്ദേഹം മകളുടെ കല്യാണം നടത്തി. ഇദ്ദേഹം പള്ളിയിലെ കപ്യാരായിരുന്നു. നല്ല ആളായിട്ടാണ് അറിയപ്പെടുന്നത്. പക്ഷേ ആരോടും സഹകരിക്കില്ല. ഇതിനിടെ ഇദ്ദേഹത്തിന് ഒരു കാർ അപകടം ഉണ്ടായി. ആ സമയത്ത് 50,000 രൂപ ഞാൻ കൊടുത്തതുമാണെന്ന് ബാബുരാജ് പറയുന്നു.
കൈയ്ക്കും നെഞ്ചിനും വെട്ടേറ്റ ബാബുരാജിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവരാജഗിരി ആശുപത്രിയിലെത്തിച്ചത്.
