അനശ്വര ചലച്ചിത്രം ചെമ്മീനില്‍ കറുത്തമ്മയാകാന്‍ ഷീലയെ ക്ഷണിക്കുന്നതിന് മുന്‍പ് സംവിധായകന്‍ രാമുകാര്യാട്ട് മറ്റൊരാളെ നായികയായി കണ്ടെത്തിയിരുന്നു. യാഥാസ്ഥിതിക എതിര്‍പ്പുകളെ ഭയന്ന് പരീക്കുട്ടിയുടെ കറുത്തമ്മയാകാന്‍ പതിനെട്ടുകാരിയായ ആ പെണ്‍കുട്ടി പക്ഷേ തയ്യാറായില്ല. കോഴിക്കോട് ആകാശവാണിയില്‍ ഇന്നും സജീവമാണ് ആ കലാകാരി.
മലയാള സിനിമയുടെ ചരിത്രത്തിലേക്കുള്ള ക്ഷണം കൂടിയായിരുന്നു ഒരു നിമിഷം കൊണ്ട് ബീഗം റാബിയ വേണ്ടെന്നു വച്ചത്. ചെമ്മീനിലെ കറുത്തമ്മയാകാന്‍ രാമുകാര്യാട്ടും, നടന്‍ സത്യനും ആദ്യം കണ്ടെത്തിയത് കോഴിക്കോടന്‍ നാടകവേദിയിലെ പ്രതിഭയായ ബീഗം റാബിയയെ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ന്‍റെപ്പാപ്പക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലിന്‍റെ നാടകാവിഷ്ടക്കാരത്തില്‍ കുഞ്ഞുപ്പാത്തുമ്മയായി തകര്‍ത്തഭിനയിച്ച ബീഗം റാബിയയുടെ പ്രകടനമാണ് ചെമ്മീനിലേക്കുള്ള വഴി തുറന്നത്.നാ ടകമല്ല സിനിമയെന്നും, സിനിമയില്‍ പോയാല്‍ പേരുദോഷം കേള്‍ക്കുമെന്നുമുള്ള താക്കീതുകള്‍ ബീഗം റാബിയയെകൊണ്ട് ആ ക്ഷണം നിരസിപ്പിച്ചു. അതോടെ കറുത്തമ്മയാകാനുള്ള ക്ഷണം ഷീലക്ക് മുന്നിലേക്ക് എത്തുകയായിരുന്നു.
നിരവധി സിനിമാ ഓഫറുകള്‍ വന്നെതങ്കിലും ബീഗം റാബിയ അതെല്ലാം വേണ്ടെന്നുവച്ചു. നാടകവേദികളില്‍ നിന്നു ക്രമേണ ഉള്‍വലിഞ്ഞു. കോഴിക്കോട് ആകാശവാണി നിലയത്തിലായിരുന്നു പിന്നീട് സജീവമായത്. പാടിയും, അഭിനയിച്ചും ഇന്നും ആ സപര്യ തുടരുന്നു.
ചെമ്മീന്‍ ചരിത്രമായതും അതിലെ കഥാപാത്രങ്ങള്‍ അനശ്വരരായതും ബീഗം റാബിയ കണ്ടു. ആ സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടതില്‍ സങ്കടമില്ലെന്നു പറയുമ്പോഴും, തലവര തന്നെ മാറ്റിയേക്കാമായിരുന്ന ആ കഥാപാത്രം എവിടെയൊക്കെയോ ബീഗം റാബിയക്ക് നഷ്ടസ്വപ്നമാകുന്നുണ്ട്.
