ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ തന്നെ ഷിയാസും അര്‍ച്ചനയും ഒന്നു ഉടക്കിയെങ്കിലും ശ്വേതയും രഞ്ജിനിയും ഇടപെട്ട് അത് അവിടെവെച്ച് തന്നെ അവസാനിപ്പിച്ചു

ബിഗ്ബോസ് വീട്ടില്‍ മുട്ടയെച്ചൊല്ലി നേരത്തെ തന്നെ അര്‍ച്ചനയും ഷിയാസും തമ്മില്‍ ഒരു തവണ ഉടക്കിയതാണ്. അതിന്റെ തുടര്‍ച്ചയായിരുന്നു പത്തൊന്‍പതാം ദിവസവും. വീട്ടില്‍ തനിക്ക് കിട്ടുന്ന മുട്ടയുടെ എണ്ണത്തില്‍ കുറവുണ്ടെന്ന പരാതിയുമായി ഇന്ന് ഷിയാസ് ആദ്യം എത്തിയത് സാബുവിന്റെ അടുത്താണ്. പക്ഷേ സാബു ഇത് അത്ര കാര്യമായിട്ടെടുത്തില്ല. പകരം ശീലമാവുമ്പോള്‍ ശരിയായിക്കോളും എന്നൊരു മറുപടി കൊടുത്തുവിടുകയും ചെയ്തു. 

ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ തന്നെ ഷിയാസും അര്‍ച്ചനയും ഒന്നു ഉടക്കിയെങ്കിലും ശ്വേതയും രഞ്ജിനിയും ഇടപെട്ട് അത് അവിടെവെച്ച് തന്നെ അവസാനിപ്പിച്ചു. ഇതിന് ശേഷമായിരുന്നു വൈകുന്നേരം മുട്ട ഒരു വിവാദ വിഷയമായി ഉയര്‍ന്നുവന്നത്. മുട്ട കിട്ടാത്തത് വലിയ പ്രശ്നമായി ഷിയാസ് അവതരിപ്പിച്ചു. വീട്ടിലെ നിയമം അനുസരിച്ചേ സാധനങ്ങള്‍ തരാനാവൂ എന്ന് അര്‍ച്ചന തിരിച്ചടിച്ചപ്പോള്‍ എനിക്ക് തോന്നുന്ന സമയത്ത് കഴിക്കുമെന്നും ഞാന്‍ ആരുടെയും അടിമയല്ലെന്നുമായിരുന്നു ഷിയാസിന്റെ പ്രഖ്യാപനം. വഴക്ക് മൂത്തതോടെ ദിയയും അര്‍ച്ചനയുടെ ഒപ്പം ചേര്‍ന്നു. മറ്റുള്ളവരും രണ്ട് ഭാഗത്തായി ചേര്‍ന്നതോടെ പ്രശ്നം ഗുരുതരമായി.

ഇതിനിടെ ശ്വേത ഇടപെട്ടതോടെയാണ് പരിഹാരമുണ്ടായത്. പ്രശ്നത്തിന് നടുവില്‍ നിന്ന് ഷിയാസിനെ പിടിച്ച് പുറത്തിറക്കി. വീട്ടിലുള്ള സാധനങ്ങളെപ്പറ്റി ശ്വേത വിശദമായിത്തന്നെ ഷിയാസിനെ പറഞ്ഞുമനസിലാക്കി. ഇത്രയും സാധനങ്ങള്‍ വെച്ച് എല്ലാവര്‍ക്കും കഴിഞ്ഞുപോകാവുന്ന തരത്തില്‍ നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുള്ള കാര്യവും ശ്വേത ഓര്‍മ്മപ്പെടുത്തി. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്ന് ശ്വേതയും പറഞ്ഞതോടെ തര്‍ക്കത്തിന് പരിഹാരവുമായി.