ആർ പാർ, സിഐഡി ചിത്രങ്ങളിലെ റോളുകളിലൂടെ ശ്രദ്ധേയായ മുൻകാല ബോളിവുഡ് താരം ഷക്കീല അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 82 വയസായിരുന്നു. ഷക്കീലയുടെ സഹോദരീപുത്രൻ നാസിർ ഖാൻ ആണ് ദുഃഖകരമായ വാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.
‘മാതാവിന്റെ മൂത്ത സഹോദരി ഷക്കീല ആന്റി മരണപ്പെട്ട വിവരം ദുഃഖ ഭാരത്തോടെ അറിയിക്കുന്നു. 1950കളിലും 60കളിലെയും താരമായിരുന്നു അവർ. ബാബുജി ദീരേ ചൽനാ, പ്യാർ മേം സറ സംഹൽന. നിങ്ങളുടെ പ്രാർഥനകളിൽ അവരെ ഉൾപ്പെടുത്തുക. ദൈവം അവർക്ക് സ്വർഗം നൽകട്ടെ.. ആമീൻ’ എന്നിങ്ങനെയായിരുന്നു നാസിർ ഖാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.ഷക്കീലക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു പോസ്റ്റ്. വ്യാഴാഴ്ച രാവിലെ മുംബൈയിലെ മാഹിം ശ്മശാനത്തിൽ സംസ്കാരം നടന്നു.
ശ്രീമാൻ സത്യവതി, ചൈന ടൗൺ, പോസ്റ്റ്ബോക്സ് 999, ദസ്താൻ, സിന്ദാബാദ് ദ സെയ്ലർ, രാജ്റാണി ദമയന്തി, ആഘോഷ്, ഷഹൻഷാ, രാജ്മഹൽ, ആർമാൻ, ആലിബാബ ഒൗർ ചാലിസ് ചോർ, ലാൽപാരി, രൂപ്കുമാരി, ഹാതിംതായ്, അൽഹിലാൽ തുടങ്ങിയവ ഷക്കീല അഭിനയിച്ച മറ്റ് ചിത്രങ്ങളാണ്. 1963ൽ അഭിനയിച്ച ഉസ്താദോം ക ഉസ്താദ് എന്ന ചിത്രമാണ് അവസാനത്തേത്. ബാബു ജീ ദീരേ ചൽനാ, നീന്ത്ന മുജ്കോ ആയേ തുടങ്ങിയ പാട്ടുകളിലെ പ്രകടനത്തിലൂടെയും ഷക്കീല ഒാർമിക്കപ്പെടുന്നു.
