ഇന്ത്യന്‍ സിനിമ കൊവിഡ്‍കാല തകര്‍ച്ചയെ മറികടന്ന വര്‍ഷം

കൊവിഡ് കാലം ആഗോള സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിച്ചപ്പോള്‍ ഒട്ടുമിക്ക വ്യവസായ മേഖലകളും തകര്‍ച്ച നേരിട്ടിരുന്നു. അതിലൊന്നായിരുന്നു സിനിമാവ്യവസായം. ലോക്ക്ഡൌണ്‍ കാലത്ത് മാസങ്ങളോളം തിയറ്ററുകള്‍ തുറക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ മള്‍ട്ടി ബില്യണ്‍ ഡോളറിന്‍റെ ഒരു പ്രധാന വ്യവസായമാണ് നിശ്ചലമായിപ്പോയത്. എന്നാല്‍ ലോകം കൊവിഡില്‍ നിന്ന് കരകയറി തുടങ്ങിയപ്പോഴും സിനിമാവ്യവസായത്തിന് പതിയെയാണ് അത് സാധിച്ചത്. സാമൂഹിക അകലം ശാലമാക്കിയ ജനം തിയറ്ററുകളിലേക്ക് എത്താന്‍ സമയമെടുത്തു എന്നതാണ് അതിന് കാരണം. എന്നാല്‍ 2022 എന്നത് ആഗോള സിനിമാ വ്യവസായം ശക്തമായി തിരിച്ചുവന്ന വര്‍ഷമായി. ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചും ആ തിരിച്ചുവരവ് ഗംഭീരമാണ്. ആ മടങ്ങിവരവിന്‍റെ കണക്കുകള്‍ വിസ്മയിപ്പിക്കുന്നതുമാണ്.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വിവിധ ഭാഷാ സിനിമകള്‍ ചേര്‍ന്ന് 2022 ല്‍ ആകെ കളക്റ്റ് ചെയ്തത് 10,000 കോടി രൂപയ്ക്ക് മുകളിലാണ്! കൃത്യമായി പറഞ്ഞാല്‍ 10,637 കോടി രൂപ. ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷനാണ് ഇത്. കൊവിഡിന് മുന്‍പ് 2019 ല്‍ നേടിയ 10,948 കോടിയാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. ബോളിവുഡിന്‍റെ അപ്രമാദിത്യത്തെ തെന്നിന്ത്യന്‍ സിനിമ ചോദ്യം ചെയ്യാനാരംഭിച്ച 2022 ല്‍ പക്ഷേ ആകെ കളക്ഷന്‍റെ കൂടുതല്‍ ഷെയര്‍ ഹിന്ദി സിനിമകളില്‍ നിന്ന് തന്നെയാണ്. 33 ശതമാനം. എന്നാല്‍ ഇത് തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ കൂടി ചേരുമ്പോഴുള്ള കണക്കാണെന്ന് ആലോചിക്കണം.

ALSO READ : മള്‍ട്ടിപ്ലെക്സുകളില്‍ കൊയ്ത്ത് തുടര്‍ന്ന് 'പഠാന്‍'; മൂന്ന് ദിവസത്തെ കളക്ഷന്‍

ഹിന്ദി കഴിഞ്ഞാല്‍ കളക്ഷനില്‍ മുന്നിലുള്ളത് തെലുങ്ക്, തമിഴ് സിനിമകളാണ്. ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റെ ആകെ വരവിന്‍റെ 20, 16 ശതമാനമാണ് യഥാക്രമം തെലുങ്ക്, തമിഴ് സിനിമാ മേഖലകളുടെ നേട്ടം. വര്‍ഷത്തെ ഏറ്റവും വലിയ വിജയം കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 ആണ്. 970 കോടിയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഒന്നാം നമ്പര്‍ ചിത്രം. ആര്‍ആര്‍ആര്‍ (869 കോടി), അവതാര്‍ 2 (471 കോടി) എന്നിവയാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ഓര്‍മാക്സിന്‍റെ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി എക്കണോമിക് ടൈംസ് ആണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.