തമിഴ് സിനിമയെ സംബന്ധിച്ച് 200 കോടി ക്ലബ്ബ് അത്ര അസാധാരണമല്ല
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് അജിത്ത് കുമാര്‍. സ്വന്തം സിനിമകളുടെ പ്രൊമോഷന് പങ്കെടുക്കാത്ത ആള്‍, എന്തിന് സ്വന്തമായി സോഷ്യല്‍ മീഡിയ പേജ് പോലും ഇല്ലാത്തയാള്‍. എന്നാല്‍ ആരാധകര്‍ക്ക് അദ്ദേഹത്തോടുള്ള ആവേശം ഇതൊന്നും ഒട്ടും കുറച്ചിട്ടില്ല. വലിയ ഫാന്‍ ഫോളോവിംഗ് ഉണ്ടെങ്കിലും സമീപകാലത്ത് അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ഏറ്റവും പുതിയ റിലീസ് ഗുഡ് ബാഡ് അഗ്ലി അജിത്ത് കുമാറിന്‍റെ കരിയറിലെ ഏറ്റവും വലിയ കളക്ഷന് അര്‍ഹമായിരിക്കുകയാണ്. അജിത്തിന്‍റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവും ഇതുതന്നെ.
തമിഴ് സിനിമയെ സംബന്ധിച്ച് 200 കോടി ക്ലബ്ബ് അത്ര അസാധാരണമല്ല. ഈ എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിക്കുന്ന 21-ാമത്തെ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത്ത് കുമാര്‍ ആദ്യമായാണ് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നതെങ്കിലും പല വട്ടം ഈ ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ള താരങ്ങള്‍ ഉണ്ട്. അതില്‍ മുന്‍പില്‍ വിജയ്‍യും രജനികാന്തും തന്നെ.
പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം രജനികാന്ത് നായകനായ ഏഴ് ചിത്രങ്ങള്‍ ഇതിനകം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയില്‍ അധികം നേടിയിട്ടുണ്ട്. എന്നാല്‍ വിജയ്‍യുടേത് ആവട്ടെ എട്ട് ചിത്രങ്ങളും. രജനികാന്തിന്‍റെ എന്തിരന്‍, കബാലി, 2.0, പേട്ട, ദര്‍ബാര്‍, ജയിലര്‍, വേട്ടൈയന്‍ എന്നീ ചിത്രങ്ങളാണ് ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ളത്. വിജയ്‍യുടേതാവട്ടെ മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ്, വാരിസ്, ലിയോ, ഗോട്ട് എന്നിവയാണ് ആ ചിത്രങ്ങള്‍.
അജിത്തിനെക്കൂടാതെ ഈ നേട്ടം ഒറ്റ തവണ കരസ്ഥമാക്കിയിട്ടുള്ള മറ്റ് മൂന്ന് താരങ്ങള്‍ കൂടിയുണ്ട്. ചിയാന്‍ വിക്രം, കമല്‍ ഹാസന്‍, ശിവകാര്‍ത്തികേയന്‍ എന്നിവരാണ് അവര്‍. യഥാക്രമം ഐ, വിക്രം, അമരന്‍ എന്നിവയാണ് അവരുടേതായി 200 കോടി ക്ലബ്ബില്‍ എത്തിയ ചിത്രങ്ങള്‍. മണി രത്നത്തിന്‍റെ ബഹുഭാഷാ ചിത്രങ്ങളായ പൊന്നിയില്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസില്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ഗുഡ് ബാഡ് അഗ്ലി തമിഴ്നാട്ടില്‍ ഇപ്പോഴും മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. മികച്ച ഒക്കുപ്പന്‍സിയോടെയാണ് ചിത്രം തിയറ്ററുകളില്‍ ഇപ്പോഴും തുടരുന്നത്.
ALSO READ : 'കേക്ക് സ്റ്റോറി' സക്സസ് ട്രെയ്‍ലര്‍ പുറത്തെത്തി