ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്‍റെ അടുത്ത റിലീസ്

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് അജിത്ത് കുമാര്‍. അതേസമയം സിനിമാ കരിയറില്‍ മാത്രം ശ്രദ്ധിക്കുന്ന ആളല്ല അജിത്ത്. മറിച്ച് റേസിംഗും യാത്രകളുമടക്കം അദ്ദേഹത്തിന് താല്‍പര്യമുള്ള പല വിഷയങ്ങളുമുണ്ട്. അതിനൊക്കെയായി ഗൗരവപൂര്‍വ്വം സമയവും പണവും ചെലവഴിക്കാറുമുണ്ട്. അതേസമയം സമീപകാലത്ത് അജിത്ത് കുമാറിന് സിനിമകളില്‍ താല്‍പര്യം കുറഞ്ഞെന്നും ആരോപണം എത്തിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ 11 വര്‍ഷത്തെ അജിത്ത് കുമാര്‍ ചിത്രങ്ങളുടെ ഒരു ബോക്സ് ഓഫീസ് അനാലിസിസ് എത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റേതാണ് ലിസ്റ്റ്.

2014 ല്‍ പുറത്തെത്തിയ വീരം മുതല്‍ അവസാന റിലീസ് ആയ വിടാമുയര്‍ച്ചി വരെ അജിത്ത് കുമാര്‍ ചിത്രങ്ങള്‍ ആകെ നേടിയിരിക്കുന്നത് 1167 കോടിയാണ്! അതായത് ഈ കാലയളവില്‍ കോളിവുഡിന്‍റെ ബോക്സ് ഓഫീസ് ആരോ​ഗ്യത്തില്‍ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് അജിത്ത് കുമാര്‍. ഈ കാലയളവില്‍ അദ്ദേഹത്തിന്‍റെ ആവറേജ് ബോക്സ് ഓഫീസ് 130 കോടിയാണ്. ഈ കാലയളവില്‍ ഏറ്റവും ചെറിയ കളക്ഷന്‍ വീരവും (74.75 കോടി) ഉയര്‍ന്ന കളക്ഷന്‍ തുനിവും (194.5 കോടി) ആണ്. 

ഇത്ര വലിയ താരം ആയിരുന്നിട്ടും 200 കോടി ക്ലബ്ബില്‍ ഇതുവരെ കയറാന്‍ അജിത്ത് കുമാറിന് സാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയം. അതിന് കാരണമായി പറയുന്നത് തമിഴ്നാടിന് പുറത്ത് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ നേടുന്ന താരതമ്യേന കുറഞ്ഞ കളക്ഷനാണ്. മറ്റ് മുന്‍നിര താരങ്ങളായ വിജയ്‍യും രജനികാന്തുമൊക്കെ ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ വലിയ കളക്ഷനാണ് നേടുന്നതെന്നത് ഇതോട് ചേര്‍ത്തുവെക്കണം. അതേസമയം അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ​ഗുഡ് ബാഡ് അ​ഗ്ലിയാണ് അജിത്തിന്‍റെ അടുത്ത റിലീസ്. ഇന്‍ഡസ്ട്രിക്ക് ബോക്സ് ഓഫീസ് പ്രതീക്ഷയുള്ള ചിത്രമാണ് ഇതും.

ALSO READ : ദേവി നായര്‍ നായികയാവുന്ന തുളു ചിത്രം; ബെംഗളൂരു മേളയിലേക്ക് 'പിദായി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം