തമിഴകത്ത് ഇത്തവണത്തെ ദീപാവലി റിലീസുകളില്‍ ഏറ്റവുമധികം വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമായിരുന്നു 'ബിഗില്‍'. തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം എന്നതായിരുന്നു 'ബിഗിലി'ന്റെ യുഎസ്പി. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് പൃഥ്വിരാജ് ആയിരുന്നു. കേരളത്തില്‍ ആകെ 143 തീയേറ്ററുകളിലായിരുന്നു 'ബിഗിലി'ന്റെ റിലീസ്. ഒപ്പം അങ്ങേളമിങ്ങോളമുള്ള വിവിധ കേന്ദ്രങ്ങളിലായി 308 ഫാന്‍സ് ഷോകളും നടന്നു. ബിഗില്‍ കേരളത്തില്‍ വിതരണത്തിനെടുക്കാനുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ തീരുമാനം വിജയിച്ചോ? വിവിധ മാര്‍ക്കറ്റുകളിലെ ബിഗിലിന്റെ കളക്ഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതില്‍ കേരളത്തില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്റെ കാര്യവും ചില ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കേരളത്തിലെ 143 തീയേറ്ററുകളില്‍ നിന്ന് ചിത്രം ആദ്യദിനം നേടിയ ഗ്രോസ് കളക്ഷന്‍ 4.80 കോടിയാണെന്ന് കോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല വിലയിരുത്തുന്നു. തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും ചിത്രത്തിന് മികച്ച ഇനിഷ്യല്‍ ആണ് ലഭിച്ചതെന്നാണ് കണക്കുകള്‍. യുഎസ് ഉള്‍പ്പെടെയുള്ള വിദേശ സെന്ററുകളിലും ബിഗിലിന്റെ പ്രകടനത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നയന്‍താരയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ജാക്കി ഷ്രോഫ്, കതിര്‍, വിവേക്, ഡാനിയല്‍ ബാലാജി, യോഗി ബാബു എന്നിവര്‍ക്കൊപ്പം ഐ എം വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.