തമിഴ് സിനിമയില്‍ ഇത് ബോക്‌സ്ഓഫീസ് വിജയകാലമാണ്. ദീപാവലി റിലീസുകളായ ബിഗിലും കൈതിയും തീയേറ്ററുകള്‍ നിറയ്ക്കുന്നതിന് തൊട്ടുമുന്‍പെത്തിയ രണ്ട് ചിത്രങ്ങളും ശ്രദ്ധേയ വിജയങ്ങള്‍ നേടിയിരുന്നു. ധനുഷിന്റെ വെട്രിമാരന്‍ ചിത്രം അസുരനും ശിവകാര്‍ത്തികേയന്റെ പാണ്ഡ്യരാജ് ചിത്രം നമ്മ വീട്ടു പിള്ളൈയുമായിരുന്നു ആ ചിത്രങ്ങള്‍. ദീപാവലി ചിത്രങ്ങളായ വിജയ്‌യുടെ ബിഗിലിനും കാര്‍ത്തിയുടെ കൈതിക്കും വിവിധ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന പ്രതികരണങ്ങളില്‍ നേരിയ വ്യത്യാസങ്ങളുണ്ട്. ഇനിഷ്യല്‍ കളക്ഷനില്‍ എല്ലാ സ്വദേശ-വിദേശ മാര്‍ക്കറ്റുകളിലും വിജയ് ചിത്രം കാതങ്ങള്‍ക്ക് മുന്നിലായിരുന്നെങ്കില്‍ അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ യുഎസ് പോലെയുള്ള ചില ഇടങ്ങളില്‍ കൈതി മുന്നിലേക്ക് കയറിയിട്ടുണ്ട്.

പല മാര്‍ക്കറ്റുകളിലും ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട തമിഴ് ചിത്രങ്ങളില്‍ ഇതിനകം ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് ബിഗില്‍. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് ചിത്രം (ഇതുവരെ നേടിയ) ഗ്രോസ് കളക്ഷനില്‍ ഒന്നാമതെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ആ സ്ഥാനം അജിത്ത് കുമാറിന്റെ വിശ്വാസത്തിനും കര്‍ണാടകത്തില്‍ രജനീകാന്ത് നായകനായ പേട്ടയ്ക്കും തെലുങ്ക് സംസ്ഥാനങ്ങളില്‍ രാഘവ ലോറന്‍സിന്റെ കാഞ്ചന 3നുമാണ്. 

എന്നാല്‍ തമിഴ് സിനിമയുടെ പല പ്രധാന വിദേശ മാര്‍ക്കറ്റുകളിലും ആദ്യ അഞ്ച് ദിനങ്ങളിലെ ഗ്രോസ് കളക്ഷന്‍ കൊണ്ടുതന്നെ ബിഗില്‍ ഈ വര്‍ഷത്തെ നമ്പര്‍ വണ്‍ തമിഴ് റിലീസ് ആയിട്ടുണ്ട്. യുകെ, ഫ്രാന്‍സ്, നോര്‍വേ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലൊക്കെ ചിത്രം ഈ സ്ഥാനം നേടിയിട്ടുണ്ട്. 143 തീയേറ്ററുകളിലായിരുന്നു കേരളത്തില്‍ ബിഗിലിന് റിലീസ്. 308 ഫാന്‍സ് ഷോകളും റിലീസ് ദിവസം നടന്നു. റിലീസ് ദിവസം കേരളത്തില്‍ നിന്ന് 4.80 കോടി ഗ്രോസ് നേടിയെന്നാണ് അനൗദ്യോഗിക കണക്ക്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത്.