മാരി സെൽവരാജിന്‍റെ സംവിധാനത്തിൽ ധ്രുവ് വിക്രം നായകനായ 'ബൈസൺ കാലമാടൻ' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു
റിലീസിന് മുന്‍പ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു മാരി സെല്‍വരാജിന്‍റെ സംവിധാനത്തില്‍ ധ്രുവ് വിക്രം നായകനായ ബൈസണ്‍ കാലമാടന്‍. സ്പോര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം ദീപാവലി റിലീസ് ആയി ഈ മാസം 17 നാണ് തിയറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല സംഖ്യയാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. വിവിധ ട്രാക്കര്‍മാരുടെ കണക്കുകള്‍ക്ക് പിന്നാലെ നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിന്‍റെ കളക്ഷന്‍ പുറത്തുവിട്ടിട്ടുണ്ട്.
നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ 5 ദിവസം കൊണ്ട് ചിത്രം നേടിയത് 35 കോടിയാണ്. എന്നാല്‍ ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള കളക്ഷനാണ് ഇതില്‍ കൂടുതല്‍. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ 27.9 കോടിയാണ്. തമിഴ്നാട്ടില്‍ മികച്ച ഹോള്‍ഡ് ഉള്ള ചിത്രം സംസ്ഥാനത്ത് നിന്ന് മാത്രമായി 50 കോടി കടക്കുമെന്നാണ് സിനിട്രാക്കിന്‍റെ പ്രവചനം. തമിഴ്നാട്ടില്‍ നിന്നാണ് ചിത്രത്തിന്‍റെ ആകെ കളക്ഷനിലെ ഏറിയ പങ്കും വന്നിരിക്കുന്നത്. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 25.75 കോടിയാണ്. കര്‍ണാടകത്തില്‍ നിന്ന് 1.2 കോടിയും. കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 65 ലക്ഷം മാത്രമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 30 ലക്ഷവും.
മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. പശുപതി, അമീര്‍, ലാല്‍, അനുപമ പരമേശ്വരന്‍, രജിഷ വിജയന്‍, അഴകം പെരുമാള്‍, ഹരിത മുത്തരസന്‍, കെ പ്രപഞ്ചന്‍, അരുവി മദന്‍, അനുരാഗ് അറോറ, പുളിയംകുളം കണ്ണന്‍, സുഭദ്ര റോബര്‍ട്ട്, വിശ്വദേവ് രചകൊണ്ട, ലെനിന്‍ ഭാരതി എന്നിവരാണ് ചിത്രത്തില്‍ ധ്രുവ് വിക്രമിനൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അപ്ലോസ് എന്‍റര്‍ടെയ്ന്‍മെന്‍റ്, നീലം സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സമീര്‍ നായര്‍, ദീപക് സെയ്ഗാള്‍, പാ രഞ്ജിത്ത്, അദിതി ആനന്ദ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഏഴില്‍ അരസ് കെ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സംഗീതം നിവാസ് കെ പ്രസന്ന. ധ്രുവ് വിക്രമിന്‍റെ കരിയറില്‍ ലഭിച്ച മികച്ച വേഷമാണ് ചിത്രത്തിലേത്.



