2007 ല്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം

മലയാളത്തില്‍ നിന്നുള്ള റീ റിലീസുകളില്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ അത്തരത്തില്‍ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കാര്യമായി കൈയടികള്‍ നല്‍കിയ ചിത്രങ്ങളാണ്. എന്നാല്‍ തിയറ്ററുകളിലെ ഉത്സവാന്തരീക്ഷമാണ് മാനദണ്ഡമെങ്കില്‍ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ റീ റിലീസ് ഛോട്ടാ മുംബൈയെപ്പോലെ ഓളം ഉണ്ടാക്കിയ മറ്റൊരു ചിത്രമില്ല. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. ഇപ്പോഴിതാ റീ റിലീസിന്‍റെ ആദ്യ ദിനം ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരിക്കുകയാണ്.

ലിമിറ്റഡ് റിലീസ് ആയിരുന്നു ചിത്രത്തിന്. സ്ക്രീന്‍ കൌണ്ടും ഷോകളും കുറവായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ വലിയ പങ്കാളിത്തം ദൃശ്യമായതോടെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്ക്രീനുകളില്‍ പുതിയ ഷോകള്‍ ചാര്‍ട്ട് ചെയ്യപ്പെട്ടു. അര്‍ധരാത്രി പോലും പല പ്രധാന സെന്‍ററുകളിലും ചിത്രം ഹൌസ്‍‌ഫുള്‍ ഷോകളും കളിച്ചു. എറണാകുളം കവിത, തിരുവനന്തപുരം ഏരീസ് പ്ലെക്സ്, കോഴിക്കോട് അപ്സര തുടങ്ങിയ ബിഗ് കപ്പാസിറ്റി തിയറ്ററുകളിലെല്ലാം ഹൌസ്ഫുള്‍ ഷോകളാണ് ഇന്നലെ ചിത്രത്തിന് ലഭിച്ചത്. ഇതിന്‍റെയൊക്കെ ഗുണം ബോക്സ് ഓഫീസില്‍ പ്രതിഫലിക്കുകയും ചെയ്തു. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് റീ റിലീസിന്‍റെ ആദ്യ ദിനം കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 35- 40 ലക്ഷം രൂപയാണ്. ലിമിറ്റഡ് സ്ക്രീന്‍ കൌണ്ട് വച്ച് മികച്ച നേട്ടമാണ് ഇത്. എന്ന് മാത്രമല്ല മലയാളത്തിലെ റീ റിലീസുകളുടെ ഓപണിംഗില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട് ചിത്രം.

മോഹന്‍‌ലാലിന്‍റെ തന്നെ സ്ഫടികത്തിനും മണിച്ചിത്രത്താഴിനും പിന്നിലാണ് ഛോട്ടാ മുംബൈ ഇടംപിടിച്ചിരിക്കുന്നത്. ഈ ലിസ്റ്റില്‍ നാലാം സ്ഥാനത്ത് ദേവദൂതനും അഞ്ചാം സ്ഥാനത്ത് വല്യേട്ടനുമാണ്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നാണ്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News